പ്രതിസന്ധിക്ക് വലിയ ആശ്വാസം; 40,000 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യയിലേക്കുള്ള കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നു
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ച് ഇന്ത്യയിലേക്ക് വരുന്ന കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നു. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കപ്പൽ സുഗമമായി ഹോർമൂസ് കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചു. എൽപിജി വഹിച്ചുള്ള മറ്റൊരു കപ്പലും ഉടൻ ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് എത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
ശിവാലിക് എന്ന പേരുള്ള ഇന്ത്യൻ കപ്പലാണ് എൽപിജിയും വഹിച്ച് ഹോർമൂസ് കടന്നുവരുന്നത്. ഇന്ത്യൻ നാവികസേനയും കപ്പലിന് അകമ്പടി സേവിച്ചതായി റിപ്പോർട്ടുകളുണ്ട്. ഹോർമൂസ് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ സുരക്ഷിത പാതയൊരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി നേരത്തെ പറഞ്ഞിരുന്നു
ഇന്ത്യ-ഇറാൻ നയതന്ത്ര ചർച്ചകൾക്ക് ശേഷമാണ് ഇതിലൊരു തീരുമാനമായത്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് തങ്ങളുടെയും കഷ്ടപ്പാടാണെന്നും ഞങ്ങൾക്ക് പൊതുവായ താത്പര്യങ്ങളാണ് ഉള്ളതെന്നും ഫത്താലി പറഞ്ഞിരുന്നു
