ജിഎസ്ടി കൗൺസിൽ യോഗം: ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി വർധിച്ചേക്കും; ഓട്ടോമൊബൈൽ മേഖല ആശങ്കയിൽ

MJ GST
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ജിഎസ്ടി നിരക്കുകൾ പുനഃക്രമീകരിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ ജിഎസ്ടി കൗൺസിൽ യോഗം ചേരുന്നു. നിലവിൽ 5% ജിഎസ്ടിയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി വർദ്ധിപ്പിച്ചേക്കാമെന്ന റിപ്പോർട്ടുകൾ ഓട്ടോമൊബൈൽ വ്യവസായത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്കായിരിക്കും നികുതി വർദ്ധനവ് കാര്യമായി ബാധിക്കുക.
നികുതിഘടന ലളിതമാക്കുന്നതിന്റെ ഭാഗമായി 12%, 28% എന്നീ ജിഎസ്ടി സ്ലാബുകൾ ഒഴിവാക്കാനും അവ 5%, 18% സ്ലാബുകളിലേക്ക് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 5% ൽ നിന്ന് 18% ആയി വർദ്ധിപ്പിക്കാൻ മന്ത്രിതല സമിതി ശുപാർശ ചെയ്തതായാണ് സൂചന. 40 ലക്ഷത്തിന് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് 28% അല്ലെങ്കിൽ പുതുതായി നിർദ്ദേശിച്ചിട്ടുള്ള 40% സ്ലാബിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിന് സഹായകമായ നിലവിലെ 5% നികുതി നിലനിർത്തണമെന്ന് ഓട്ടോമൊബൈൽ വ്യവസായം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി വർദ്ധനവ് ഈ മേഖലയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിയുമെന്നും വാഹന നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകി. 
അതേസമയം, ചെറുകാറുകൾ ഉൾപ്പെടെയുള്ള പെട്രോൾ, ഡീസൽ വാഹനങ്ങളുടെ നികുതി കുറച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിലുള്ള വിലക്കുറവിൻ്റെ ആനുകൂല്യം ഇല്ലാതാക്കാൻ ഇടയാക്കും.
ജിഎസ്ടി കൗൺസിലിന്റെ ഈ നിർണായക യോഗം ഓട്ടോമൊബൈൽ മേഖലയുടെ ഭാവിയെ കാര്യമായി സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലപ്രദമായ നയരൂപീകരണം നടത്തുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സമവായം ആവശ്യമാണ്. നിലവിൽ, ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.

Tags

Share this story