ഗ്യാനേഷ് കുമാർ ബിജെപി ഏജന്റ്; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് കെ. സി. വേണുഗോപാൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപി ഏജന്റാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഗ്യാനേഷ് കുമാർ ഒരു ഉപകരണം മാത്രമാണ്. എസ്ഐആർ അധികാരത്തിൽ തുടരാൻ കണ്ടെത്തിയ തന്ത്രമായിരുന്നു. എസ്ഐആർ നടത്തിയത് അമിത് ഷായുടെയും, മോദിയുടെയും നിർദേശം പ്രകാരമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജി വയ്ക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
വോട്ട് ചോരിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. സമാധാനപരമായി രാജ്യവ്യാപകമായി പ്രതിഷേധിക്കും. മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ഒപ്പം ചേർന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ഇന്ത്യ സഖ്യ യോഗത്തിൽ ഇക്കാര്യം തീരുമാനിക്കുമെന്ന് അദേഹം അറിയിച്ചു. എസ്ഐആറിലൂടെ വോട്ട് വെട്ടിയത് 13 കോടിയോളം പേരുടെയാണ്. ഇവരെ എല്ലാം സമീപിക്കാനാണ് തീരുമാനം. എസ്ഐആർ ഒരു തട്ടിപ്പ് നടപടിയായിരുന്നു. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ തുടരാൻ മോദിക്ക് അർഹതയില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഏകാധിപതികൾ ജനവിശ്വാസം നഷ്‌ടപെടുമ്പോൾ പ്രയോഗിക്കുന്ന ആയുധങ്ങളാണിത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും അറിവില്ലാതെ ഗ്യാനേഷ് കുമാർ ഈ രീതിയിൽ പ്രവർത്തിക്കില്ല. ക്യാബിനറ്റ് സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ കത്ത് എഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രധാന മന്ത്രിക്ക് ഇക്കാര്യം അറിയാം. വിഷയത്തിൽ ഇടപെടാൻ ധാർമിക ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിൻ്റെ ഒറ്റക്കുള്ള പ്രതിഷേധങ്ങളും ഇന്ത്യ സഖ്യ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതിനാൽ നാളത്തെ ഇന്ത്യ യോഗ ശേഷം തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും. നാളെ ഒരുമിച്ച് ഒറ്റകെട്ടായി തീരുമാനങ്ങൾ പ്രഖ്യാപിക്കും. ഇംപീച്ച്മെൻ്റ് നടപടികളിലടക്കം നാളെ ചർച്ചയുണ്ടാകുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അഖിലേഷ് യാദവ് പ്രായോഗിക ബുദ്ധിമുട്ട് കാരണം നാളെ പങ്കെടുക്കില്ല. ഡിഎംകെ ഒപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.
