ഒരാളെ കൊല്ലാൻ അനുമതി കിട്ടിയാൽ ജ്ഞാനേഷ് കുമാറിനെ വെടിവച്ചു കൊല്ലും; വിവാദ പ്രസ്താവനയുമായി മുകേഷ് സാഹ്നി

സാഹ്നി

പറ്റ്ന: ഒരാളെ കൊന്നാൽ ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ വെടി വച്ചു കൊല്ലുമെന്ന് ബിഹാർ മുൻ മന്ത്രിയും വികാസ് ശീൽ ഇൻസാൻ പാർട്ടി നേതാവുമായ മുകേഷ് സാഹ്നി. തെരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ ഭരണഘടന വെച്ചാണ് നിങ്ങൾ കളിച്ചതെന്നതിൽ അൽപ്പമെങ്കിലും നാണം തോന്നുന്നില്ലേയെന്നും അദ്ദേഹം ജ്ഞാനേഷ് കുമാറിനോട് ചോദിച്ചു. ഇലക്ഷൻ കമ്മിഷൻ ബിജെപി കമ്മിഷൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷണർമാരായ സുഖ്ബീർ സിഭ് സന്ധുവും വിവേക് ജോഷിയും എസ്ഐആർ അടക്കമുള്ള വിഷയങ്ങളിൽ പല തവണ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. പത്ത് മാസത്തിനിടെ 14 തവണ കമ്മിഷണർമാർ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ ഫോം 6ൽ വരുത്തിയ മാറ്റങ്ങൾ, വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യൽ, പ്രത്യേകിച്ച് എസ്ഐആർ നടപടികൾ, ഇആർഒ നെറ്റ്/ ഇസിഐ നെറ്റ് വഴി വോട്ടർ ഡേറ്റ കൈകാര്യം ചെയ്യുന്നതിലെ നിയന്ത്രണം, ചില വോട്ടർമാരുടെ അപ്പീലുകളും അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിലെ സാങ്കേതിക പ്രശ്നങ്ങളും എന്നീ വിഷയങ്ങളിലാണ് എതിർപ്പ് രേഖപ്പെടുത്തിയിരുന്നത്. ഇതിൽ നാല് എതിർപ്പുകൾ ഒരേ ദിവസം തന്നെയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്.

Tags

Share this story