ഗ്യാനേഷ് കുമാറിന്റെ രാജി; മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് നടത്താനിരുന്ന കോക്രോച്ച് ജനത പാര്‍ട്ടി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

അഭിജിത്ത്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി ഒക്ടോബര്‍ രണ്ടിന് മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് കോക്രോച്ച് ജനത പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു.

പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് സി ജെ പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വ്യക്തമാക്കി. എന്തുവന്നാലും ഒക്ടോബര്‍ രണ്ടിന് പ്രതിഷേധവുമായി മുന്നോട്ടുപോകും. മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ ശക്തമായ ഭാഷയില്‍ അഭിജീത് ദിപ്‌കെ വിമര്‍ശിച്ചു. പൗരന്മാരുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കുറിച്ചു.

സ്‌പോര്‍ട്‌സ് ആവശ്യങ്ങള്‍ക്ക് അല്ലാത്ത കാര്യങ്ങള്‍ക്ക് ശിവാജി പാര്‍ക്ക് ഉപയോഗിക്കുന്നത് വിലക്കി കൊണ്ടുള്ള 2013-ലെ മുംബൈ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പോലീസ് ഞായറാഴ്ച ഉത്തരവിറക്കിയത്. കൂടാതെ മൈതാനം ഉപയോഗിക്കുന്നതിന് ബി എം സിയുടെ മുന്‍കൂര്‍ അനുമതി സംഘാടകര്‍ വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രതിഷേധം ഗതാഗത കുരുക്കിനും കാരണമാകുമെന്നും പോലീസ് വിശദീകരിക്കുന്നു.

ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനെ സമീപിച്ച് മൈതാനത്ത് പ്രതിഷേധം നടത്താനുള്ള അനുമതി തേടിയെങ്കിലും അധികൃതര്‍ അത് തള്ളുകയായിരുന്നു. പോലീസിന്റെ രേഖാമൂലമുള്ള അനുമതി നിഷേധ നോട്ടീസ് തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന് അഭിജീത് ദിപ്‌കെ വ്യക്തമാക്കി.

Tags

Share this story