എച്ച്3 എൻ2: സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം

H3 N2

ന്യൂഡൽഹി: എച്ച്3 എൻ2 (H3N2) വൈറസിന്‍റെ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത (warning) നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗം സ്ഥിതി വിലയിരുത്തി. സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കേന്ദ്രം നിർദേശിച്ചു. ഈ മാസം അവസാനത്തോടെ രോഗബാധ കുറയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

അതേസമയം, എച്ച്3 എൻ2 (H3N2) വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം ഇന്ന് റിപ്പോർട്ടു ചെയ്തു. കർണാടകയിലാണ് ആദ്യ മരണം ഉണ്ടായത്. ഈ മാസം ഒന്നിനാണ് കർണാടക ഹാസനിലെ 82കാരൻ ഹീര ഗൗഡ മരണപ്പെട്ടത്. മരണകാരണം എച്ച്3 എൻ2 ആണെന്ന് ഇന്നു സ്ഥിരീകരിക്കപ്പെട്ടു. ഹരിയാനയിലായിരുന്നു രണ്ടാമത്തെ മരണം. ഇരുവർക്കും കൊവിഡിനു സമാനമായ ലക്ഷണങ്ങളുണ്ടായിരുന്നു. നിലവിൽ രാജ്യത്ത് 90 പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതുകൂടാതെ 8 പേർക്ക് എച്ച്1എൻ1 (H1N1) ബാധിക്കപ്പെട്ടിട്ടുണ്ട്. ഇത് വായുവിലൂടെ പടരുന്ന അസുഖമായതിനാൽ കൊവിഡ് കാലത്ത് എടുത്ത സമാനപ്രതിരോധ മാർഗങ്ങൾ തുടരാനും കേന്ദ്രം അറിയിച്ചു.

‘ഹോങ്കോങ് ഫ്ലു’ എന്നും പേരുള്ള എച്ച്3എൻ2 (H3N2) വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വർധിച്ചു വരികയാണ്. കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്3എൻ2 നും ഉള്ളത്. പനി, ചുമ, തൊണ്ട വേദന, കഫക്കെട്ട് തുടങ്ങിയവയാണ് എച്ച്3 എൻ2 (H3N2) വിന്‍റെ ലക്ഷണങ്ങൾ. ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.

Share this story