ഹനുമാന്‍ ധ്വജം മാറ്റി ദേശീയപതാക സ്ഥാപിച്ചു; കർണാടകയിൽ സംഘർഷം

മാണ്ഡ്യ: ഹനുമാന്‍റെ ചിത്രമുള്ള പതാക എടുത്തുമാറ്റി ദേശീയ പതാക ഉയർത്തിയതിനു പിന്നാലെ കർണാടകയിലെ കെരഗോഡുവിൽ സംഘർഷം. പ്രദേശത്ത് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെങ്കിലും കോൺഗ്രസ് സർക്കാരും ബിജെപി-ജെഡി(എസ്) പ്രതിപക്ഷവും തമ്മിലുള്ള തർക്കം മുറുകിയിരിക്കുകയാണ്. ഞായറാഴ്ചയാണ് സംഘർഷത്തിനു കാരണമായ പ്രശ്നമുണ്ടാകുന്നത്. കെരഗോഡിൽ 108 അടി ഉയരത്തിൽ സ്ഥാപിച്ചിരുന്ന ഹനുമാന്‍റെ പതാക എടുത്തു മാറ്റിയാണ് സംഘർഷങ്ങൾക്കു വഴി വച്ചത്. കൊടിമരം സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്‍റെ അധികാര പരിധിയിലുള്ള പ്രദേശത്താണ്. കൊടിമരം സ്ഥാപിക്കുമ്പോൾ തന്നെ അവിടെ ദേശീയ പതാക മാത്രമേ സ്ഥാപിക്കാവൂ എന്ന് നിബന്ധന വച്ചിരുന്നു. ഇതു ലംഘിച്ചാണ് ഹൈന്ദവ സംഘടനകൾ ഹനുമാൻ ധ്വജം ഉയർത്തിയത്.

സംഭവം വിവാദമായതോടെ ജില്ലാഭരണകൂടം ഇടപെട്ട് ധ്വജം അഴിച്ചു മാറ്റി ദേശീയ പതാക കെട്ടി. ഇതോടെയാണ് ഹൈന്ദവസംഘടകൾ പ്രതിഷേധം തുടങ്ങിയത്.

നിലവിൽ കൊടിമരത്തിനു ചുറ്റും പൊലീസ് ബാരിക്കേഡുകൾ തീർത്തിരിക്കുകയാണ്. സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

പ്രദേശത്തെ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ഹനുമാൻ പതാക ഉയർത്തുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് ഹൈന്ദവ സംഘടനകൾ പറയുന്നത്.

Share this story