വേർപാടിലും വെളിച്ചമായി മാറി ഹരീഷ് റാണ; അവയവങ്ങൾ ദാനം ചെയ്തു
മരണത്തിലും വെളിച്ചമായി ഹരീഷ് റാണ. രാജ്യത്ത് ആദ്യമായി ദയാവധത്തിന് വിധേയനായ വ്യക്തിയാണ് ഹരീഷ് റാണ. ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. ഇന്നായിരുന്നു ഡൽഹിയിൽ ഹരീഷ് റാണയുടെ സംസ്‌കാരം.
ഡൽഹി ഗ്രീൻ പാർക്ക് ശ്മശാനത്തിൽ , മതാചാരപ്രകാരമാണ് ഹരീഷിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ ദിവസമാണ് ഹരീഷ് റാണ അന്തരിച്ചതായി ഡൽഹി എയിംസ് ആശുപത്രി സ്ഥിരീകരിച്ചത്. സുപ്രീം കോടതി ആദ്യമായി ദയാവധത്തിന് അനുമതി നൽകിയ ആളെന്ന നിലയിൽ ഹരീഷ് റാണ ചരിത്രത്തിന്റെയും ഭാഗമായി മാറി.
പതിമൂന്ന് വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന 32കാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളുടെ അപേക്ഷ അനുസരിച്ചാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ച് 11ലെ കോടതിയുടെ ചരിത്രപരമായ ഉത്തരവ്.
