പിതാവിനോടുള്ള വൈരാഗ്യം; ഡൽഹിയിൽ അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു, പ്രതി ഡ്രൈവർ

ഡൽഹിയിൽ അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. നരേല മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവം. കുട്ടിയുടെ അച്ഛന്റെ കമ്പനിയിലെ ഡ്രൈവറാണ് കൊലപാതകം നടത്തിയത്. ഡ്രൈവറായ നിതുവിന്റെ വാടക വീട്ടിൽ നിന്നും ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
നിതു ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മരിച്ച കുട്ടിയുടെ പിതാവിന്റെ ട്രാൻസ്‌പോർട്ട് സ്ഥാപനത്തിന് എട്ട് വണ്ടികളുണ്ട്. നിതു, വസീം എന്നീ രണ്ട് ഡ്രൈവർമാരും സ്ഥാപനത്തിലുണ്ട്. തിങ്കളാഴ്ച വൈകിട്ട് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ നിതു വസീമിനെ തല്ലി
സംഭവമറിഞ്ഞ കുട്ടിയുടെ പിതാവ് അപമര്യാദയായി പെരുമാറിയതിന് നിതുവിനെ മർദിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോകുകയും വാടക വീട്ടിലെത്തിച്ച് കത്തിയും ഇഷ്ടികയും ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.