ഭോപ്പാലിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്നിറങ്ങി പാളം മുറിച്ചുകടന്നു; മറ്റൊരു ട്രെയിനിടിച്ച് നാല് യാത്രക്കാർക്ക് ദരുണാന്ത്യം

Train

ഭോപ്പാൽ: നിർത്തിയിട്ടിരുന്ന ട്രെയ്‌നിൽ തീപടരുന്നുവെന്ന അഭ്യൂഹത്തെത്തുടർന്നു പുറത്തേക്കു ചാടിയ നാലു യാത്രക്കാർ തൊട്ടടുത്ത പാളത്തിലൂടെയെത്തിയ മറ്റൊരു ട്രെയ്‌നിടിച്ചു മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. മധ്യപ്രദേശിലെ മൊറേനയിൽ ഇന്നലെ വൈകിട്ട് 4.15നാണ് അപകടം.

ആഗ്ര സ്വദേശി നദീംഖാന്‍റെ ഭാര്യ അഫ്രീൻ (35), ഇവരുടെ നാലു വയസുള്ള മകൻ, ആഗ്ര സ്വദേശി ശകുന്തള (60), ബിക്കാനീർ സ്വദേശി വിർമ ദേവി (60) എന്നിവരാണു മരിച്ചത്. ഉത്തരമധ്യ റെയ്‌ൽവേയിലെ ഝാൻസി ഡിവിഷനുകീഴിലുള്ള ഹേതാംപുർ, ധോൽപുർ സ്റ്റേഷനുകൾക്കിടെ നിർത്തിയിട്ടിരുന്ന ഖജുരാഹോ- ഉദയ്പുർ ഇന്‍റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

ജനറൽ കോച്ചിൽ ഒരു യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്നായിരുന്നു ട്രെയ്‌ൻ നിർത്തിയത്. ഈ സമയം ട്രെയ്‌നിൽ തീപടർന്നതായി അഭ്യൂഹമുണ്ടായി. പരിഭ്രാന്തരായ യാത്രക്കാർ അതിവേഗം പുറത്തിറങ്ങി. ഇവരിൽ പലരും തൊട്ടടുത്ത പാളത്തിലേക്കു കയറിയപ്പോൾ ഇതിലൂടെ ഫിറോസ്പുർ- സിയോണി പാടൽകോട്ട് എക്സ്പ്രസ് വരികയായിരുന്നു.

Tags

Share this story