ചത്ത് പുഴുവരിച്ച് കിടന്നത് രണ്ട് ദിവസം; പശുവിന്‍റെ ജഡം റോഡിലൂടെ വലിച്ചിഴച്ചു: കലിയിളകി സൈബര്‍ലോകം
ഭോപ്പാൽ: മധ്യപ്രദേശില്‍ ചത്ത പശുവിന്റെ ജഡം റോഡിലൂടെ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവത്തില്‍ സോഷ്യൽ മീഡിയയിൽ വ്യാപകവിമര്‍ശനവും പ്രതിഷേധവും. മുനിസിപ്പൽ മാലിന്യ ശേഖരണ വാഹനത്തിന് പിന്നിൽ ചത്ത പശുവിന്റെ ജഡം കയറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മൃഗത്തോട് സാമാന്യനീതി പോലും പുലര്‍ത്താത്ത നടപടിക്കെതിരെ കടുത്ത അമർഷമാണ് ജനങ്ങൾ രേഖപ്പെടുത്തുന്നത്.
മധ്യപ്രദേശിലെ ബേതുൽ ജില്ലയിലുള്ള ജല്ലാർ ഗ്രാമപഞ്ചായത്തിലാണ് സംഭവം നടന്നത്. പരത്വട റോഡിൽ വെച്ച് അജ്ഞാത വാഹനം ഇടിച്ചതിനെത്തുടർന്നാണ് പശു ചത്തത്. എന്നാല്‍ പശുവിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനോ അതിനെ സംസ്കരിക്കാനോ ആരും തന്നെ മുന്നോട്ടുവന്നില്ല. തുടർന്ന് രണ്ട് ദിവസത്തോളം പശുവിന്‍റെ ജഡം റോഡരികില്‍ പുഴുവരിച്ച് കിടക്കുകയായിരുന്നു.
A dead cow was tied with a rope to a Gram Panchayat garbage vehicle and dragged for nearly 1 kilometre on the road in Jhallar village, Bhainsdehi Assembly constituency, instead of being transported with dignity for its last rites. The horrifying act came to light after local gau… pic.twitter.com/ixliM63osX
— yash saghal (@YSaghal) June 29, 2026
ജഡം ജീർണിച്ച് വലിയ രീതിയിൽ ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെയാണ് ശുചിത്വ തൊഴിലാളികൾ ഇത് മാറ്റാനായി എത്തിയത്. എന്നാൽ ജഡം വാഹനത്തിൽ കയറ്റുന്നതിന് പകരം കയറിൽ കെട്ടി മാലിന്യ ശേഖരണ വാഹനത്തിന് പിന്നിൽ ഒരു കിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
വഴിപോക്കനായ ഒരാൾ മൊബൈലിൽ പകർത്തിയ ഈ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നാട്ടുകാരും ഗോസംരക്ഷണ സംഘങ്ങളും രാഷ്ട്രീയ ഹിന്ദു സേനയും സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മൃഗത്തോട് കാണിച്ച ഈ നടപടി തികഞ്ഞ ക്രൂരതയാണെന്നും ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഘടനകൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
അതേസമയം, മൃതദേഹം കൊണ്ടുപോകാൻ ട്രാക്ടറോ മറ്റ് പര്യാപ്തമായ വാഹനങ്ങളോ അടിയന്തരമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്രകാരം ചെയ്യേണ്ടിവന്നതെന്നാണ് ശുചിത്വ തൊഴിലാളികളുടെ പ്രതികരണം.
