ഗവർണർ വരുന്നെന്ന് പറഞ്ഞ് റൂമിൽനിന്ന് ഇറക്കിവിട്ടു; ദില്ലി കേരള ഹൗസിൽ പ്രതിഷേധവുമായി കനയ്യ കുമാർ: കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്
ന്യൂഡൽഹി: ഡൽഹി കേരള ഹൗസിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിൽ മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തർക്കവും പ്രതിഷേധവും. കനയ്യ കുമാർ സുഹൃത്തിന്റെ പേരിൽ കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും കനയ്യ കുമാറിന്റെ പേരിൽ അല്ലാത്തതിനാൽ മുറി നൽകാൻ അധികൃതർ തയ്യാറായില്ല.
തുടർന്ന് റെസിഡന്റ് കമ്മീഷണറുമായി സംസാരിക്കാൻ എത്തിയ കനയ്യ കുമാറിനോട് അധികൃതർ അപമര്യാദയായി പെരുമാറിയെന്ന് കനയ്യ കുമാർ ആരോപിച്ചു. ഗവർണർ എത്തുന്നുണ്ടെന്ന് പറഞ്ഞ് മുറിയിൽ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
തുടർന്ന് റെസിഡന്റ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ കനയ്യ കുമാറും കൂടെയുണ്ടായിരുന്ന പ്രവർത്തകരും പ്രതിഷേധിച്ചു. എന്നാൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം ഡൽഹി പോലീസിനെ വിളിച്ച് കനയ്യ കുമാറിനെയും കൂടെയുണ്ടായിരുന്ന പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു. ദില്ലി സർക്കാരിന്റെയും പോലീസിന്റെയും നടപടിയാണിതെന്നും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പ്രേരണയാണിതെന്നും കനയ്യ കുമാർ ആരോപിച്ചു.
