ടൂറിനെന്ന് വ്യാജേന കൊണ്ടുപോയി ഭാര്യയെ വിറ്റു; പിന്നാലെ കൂട്ടബലാത്സംഗം: ഭർത്താവടക്കം ഏഴു പേർ അറസ്റ്റിൽ

Rape Cash

അഹമ്മദാബാദ്: ഗുജറാത്തിലെ പാലൻപൂരിൽ ഭാര്യയെ മനുഷ്യക്കടത്ത് സംഘത്തിന് വിറ്റ ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ. ഗണേശ്പുര സ്വദേശിയായ നികേഷ് പട്ടേൽ, സുഹൃത്തുക്കളായ സഞ്ജയ് ഠാക്കൂർ, അശോക് ഠാക്കൂർ, സച്ചിൻ ദർബാർ എന്നിവരുൾപ്പെടെ ഏഴുപേരെയാണ് പാലൻപൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് സംഘത്തിന് കൈമാറിയ യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി.

​യാത്ര പോകാമെന്ന് വിശ്വസിപ്പിച്ചാണ് നികേഷ് പട്ടേലും സുഹൃത്തുക്കളും ചേർന്ന് യുവതിയെ വിജനമായ സ്ഥലത്ത് എത്തിച്ചതും പിന്നീട് 50,000 രൂപയ്ക്ക് മനുഷ്യക്കടത്ത് സംഘത്തിന് ലേലം വിളിച്ച് കൈമാറിയതും. ഭാര്യയോടുള്ള ഇഷ്ടക്കേട് കാരണമാണ് പണം വാങ്ങി അവളെ ഒഴിവാക്കാൻ ഭർത്താവ് പദ്ധതിയിട്ടത്.

​ഭാര്യയെ വിറ്റ ശേഷം, യുവതിയെ കാണാനില്ലെന്ന് കാണിച്ച് നികേഷ് പട്ടേൽ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ സംശയത്തിൽ നിന്ന് രക്ഷപ്പെടാനും അന്വേഷണം വഴിതിരിച്ചുവിടാനുമായിരുന്നു സങ്കടത്തിലായ ഭർത്താവെന്ന രീതിയിലുള്ള ഇയാളുടെ ഈ നാടകം. എന്നാൽ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. ജിഗ്നേഷ് ഗാമിത്തിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ നികേഷിന്റെ മൊഴികളിലെ വൈരുധ്യങ്ങൾ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

​പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് യുവതിയെ രഹസ്യ താവളത്തിൽ നിന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയത്. തടങ്കലിൽ പാർപ്പിച്ചിരുന്ന സമയത്ത് മനുഷ്യക്കടത്ത് സംഘം തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിനും കൂട്ടബലാത്സംഗത്തിനും ഇരയാക്കിയതായി യുവതി മൊഴി നൽകി. കൂടാതെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളെല്ലാം അവർ ബലമായി കവർന്നു വിറ്റതായും യുവതി പൊലീസിനോട് വിവരിച്ചു.

​യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം, കവർച്ച, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags

Share this story