ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി
Updated: Sep 1, 2026, 23:39 IST
ന‍്യൂഡൽഹി: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി. അജ്ഞാത കത്തിലൂടെ ലഭിച്ച ഭീഷണി സന്ദേശത്തിൽ ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടുമെന്നായിരുന്നു എഴുതിയിരുന്നത്. ഇതേത്തുടർന്ന് മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി അലോക് കുമാർ ആഭ‍്യന്തര സെക്രട്ടറിക്ക് കത്തയച്ചു. വിഷയത്തിൽ അന്വേഷണം വേണമെന്നും മന്ത്രിയുടെ സുരക്ഷാ ക്രമീകരണം വിലയിരുത്തണമെന്നുമാണ് ആവശ‍്യം.
ഭക്ഷ‍്യസംസ്കരണ വ‍്യവസായ വകുപ്പ് മന്ത്രിയായ ചിരാഗ് പാസ്വാന് നിലവിൽ സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ നൽകി വരുന്നത്. ഭീഷണി സന്ദേശത്തിൽ രണ്ട് മൊബൈൽ നമ്പറുകൾ പരാമർശിച്ചിട്ടുള്ളതായാണ് പേഴ്സണൽ സെക്രട്ടറി അയച്ച കത്തിൽ പറയുന്നത്. ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് മന്ത്രിയുടെ ഓഫിസ് ആവശ‍്യപ്പെട്ടു. ആഭ‍്യന്തര സെക്രട്ടറിക്കു പുറമെ സിആർപിഎഫിനും ബിഹാർ സർക്കാരിനും കത്തയച്ചിട്ടുണ്ട്.
