ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; ടി.എം.സി പുറത്താക്കിയ ഋതബ്രത ബാനർജി പുതിയ പ്രതിപക്ഷ നേതാവ്

Bangal

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും (ടി.എം.സി) കനത്ത തിരിച്ചടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ പ്രമുഖ നേതാവും എം.എൽ.എയുമായ ഋതബ്രത ബാനർജി പശ്ചിമ ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. തൃണമൂൽ കോൺഗ്രസിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് സ്ഥാനാർത്ഥി സോവൻദേബ് ചതോപാധ്യായയെ തള്ളിക്കൊണ്ടാണ് വിമത എം.എൽ.എമാർ ഋതബ്രതയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്.

​നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമതയുടെ പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലഹമാണ് ഇപ്പോൾ പരസ്യമായ പിളർപ്പിലേക്ക് വഴിമാറിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയിലും എൻ.സി.പിയിലും ഉണ്ടായതിന് സമാനമായ രാഷ്ട്രീയ അട്ടിമറിയാണ് ഇപ്പോൾ ബംഗാളിലും ദൃശ്യമാകുന്നത്. അറുപതോളം തൃണമൂൽ വിമത എം.എൽ.എമാരുടെ പിന്തുണയോടെയാണ് ഋതബ്രത ബാനർജി സ്പീക്കറെ കണ്ട് അവകാശവാദം ഉന്നയിച്ചതും പ്രതിപക്ഷ നേതാവായി അധികാരം ഏറ്റെടുത്തതും.

​പാർട്ടിക്കുള്ളിലെ ഒപ്പുകൾ വ്യാജമായി ചമച്ചുവെന്നാരോപിച്ച് ഋതബ്രത ബാനർജി ഉൾപ്പെടെയുള്ള രണ്ട് എം.എൽ.എമാരെ കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയത്. എന്നാൽ, തങ്ങൾ തന്നെയാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ടുകൊണ്ട് വിമതർ മമതാ ബാനർജിക്കും അനന്തരവൻ അഭിഷേക് ബാനർജിക്കും എതിരെ ശക്തമായി രംഗത്തുവരികയായിരുന്നു. ഡൽഹിയിൽ നിന്നും ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് പാർട്ടിയിലെ പിളർപ്പിന് പിന്നിലെന്ന് മമതാ ബാനർജി ആരോപിച്ചു.

​മുമ്പ് സി.പി.എം രാജ്യസഭാ എം.പി ആയിരുന്ന ഋതബ്രത ബാനർജി, അവിടെനിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് തൃണമൂലിൽ ചേർന്നതും ഉലുബേരിയ പൂർബ മണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടതും. ബംഗാളിലെ ഈ പുതിയ രാഷ്ട്രീയ നീക്കം മമതാ ബാനർജിയുടെ രാഷ്ട്രീയ ഭാവിക്ക് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Tags

Share this story