കർണാടകയിൽ കനത്ത മഴ; മണ്ണടിച്ചിലിൽ താൽക്കാലിക വീട് തകർന്ന് മൂന്നു വയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

കർണാടക

ശിവമോഗ (കർണാടക): കർണാടകയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണടിച്ചിലിൽ താൽത്തിക താമസസ്ഥലത്തേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.

​ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഇന്ദിരാനഗറിലാണ് സംഭവം. കൊപ്പാൾ ജില്ലയിലെ ഗംഗാവതി സ്വദേശികളായ മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), ഇവരുടെ മൂന്ന് വയസ്സുകാരനായ മകൻ സന്തോഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

​ഞായറാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു അപകടം. കുടുംബം ഉറങ്ങിക്കിടക്കുകയായിരുന്ന താൽക്കാലിക ഷെഡ്ഡിന് മുകളിലേക്ക് കുന്നിടിച്ചിലിൽ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മണ്ണടിയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു.

​സമീപത്തെ ഷെഡിൽ താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലനാട് മേഖലയിൽ തുടർച്ചയായി പെയ്യുന്ന അതിശക്തമായ മഴയാണ് അപകടത്തിന് കാരണമായത്.

Tags

Share this story