മുംബൈയിൽ കനത്ത മഴ: ട്രാൻസ്-ഹാർബർ ലൈനിൽ 24 ട്രെയിനുകൾ റദ്ദാക്കി; സർക്കാരിനെതിരെ ആദിത്യ താക്കറെ
മുംബൈ: മഹാരാഷ്ട്രയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് മുംബൈയിലെ ട്രാൻസ്-ഹാർബർ റെയിൽവേ പാതയിൽ വ്യാപക തടസ്സം. തുർഭെയ്ക്കും വാശിക്കും ഇടയിൽ റെയിൽവേ ട്രാക്കിന് താഴെയുള്ള മണ്ണ് ഒലിച്ചുപോയതിനെത്തുടർന്ന് 24 ഓളം ലോക്കൽ ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. ട്രാക്കിലെ അറ്റകുറ്റപ്പണികൾക്ക് ശേഷം ഈ റൂട്ടിൽ സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും കടുത്ത വേഗതാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മഴക്കാല പൂർവ്വ ഒരുക്കങ്ങളിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശിവസേന (UBT) നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. സർക്കാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഭരണകാര്യങ്ങളിലും ജനങ്ങളുടെ സുരക്ഷയിലും അവർക്ക് താല്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
തീരദേശ നഗരമായ മുംബൈയിൽ വെള്ളപ്പൊക്കം തടയാൻ റെയിൻ വാട്ടർ ഹോൾഡിംഗ് ടാങ്കുകളും പമ്പിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുന്നതിൽ ബിജെപി നേതൃത്വം നൽകുന്ന ഭരണകൂടം പരാജയപ്പെട്ടതായും ബിഎംസി (ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ) ഫണ്ടുകൾ സർക്കാർ വകമാറ്റിയതായും അദ്ദേഹം ആരോപിച്ചു.
അതേസമയം കനത്ത മഴയെത്തുടർന്ന് മുംബൈയിലെ അന്ധേരി സബ്‌വേ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുംബൈയിലും സമീപ ജില്ലകളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്ന് പ്രവചിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
