യുപിയിൽ കനത്ത മഴയും നാശനഷ്ടവും: 56 മരണം, 46 പേർക്ക് പരിക്ക്

up

ലഖ്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും ചുഴറ്റിയടിച്ച കാറ്റിലും വൻ നാശനഷ്ടം. മഴക്കെടുതികളിൽപ്പെട്ട് ഇതുവരെ 56 പേർ മരണപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സംസ്ഥാന ദുരന്തനിവാരണ സേനയും അധികൃതരും അറിയിച്ചു.

​സീതാപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് (7 പേർ). ലഖിംപൂർ ഖേരി, ബഹ്റൈച്ച്, ബൽറാംപൂർ എന്നിവിടങ്ങളിൽ അഞ്ചുപേർ വീതവും അയോധ്യ, ഗൊരഖ്പൂർ ജില്ലകളിൽ നാലുപേർ വീതവും മരണപ്പെട്ടു. കനത്ത കാറ്റിലും മഴയിലും വീടുകൾ തകർന്നുവീണും, മിന്നലേറ്റും, വെള്ളപ്പൊക്കത്തിൽപ്പെട്ടുമാണ് ഭൂരിഭാഗം അപകടങ്ങളും സംഭവിച്ചത്.

​സംസ്ഥാനത്തൊട്ടാകെ ആയിരത്തിലധികം (1,021) വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ 100-ലധികം വളർത്തുമൃഗങ്ങളും ചത്തൊടുങ്ങി. ഹർദോയ്, ലഖ്‌നൗ, കാൺപൂർ തുടങ്ങിയ നിരവധി ജില്ലകളിൽ ജനവാസ മേഖലകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഘാഗ്ര, രാപ്തി തുടങ്ങിയ പ്രധാന നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

​തൊട്ടടുത്ത പ്രദേശങ്ങളിലുണ്ടായ തീവ്രന്യൂനമർദ്ദമാണ് സംസ്ഥാനത്ത് മഴ കടുക്കാൻ കാരണം. റോഡുകളും ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടതോടെ പലയിടത്തും ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ ഊർജ്ജിതമായി തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Tags

Share this story