ജമ്മു കശ്മീരിൽ കനത്ത മഴയും ഉരുൾപൊട്ടലും: പൂഞ്ചിൽ നാല് മരണം, നിരവധി പേരെ കാണാതായി
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച സുരൻകോട്ട് തഹസിലിലാണ് മരണങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒറ്റപ്പെട്ടുപോയ താമസക്കാരെ കണ്ടെത്താനും ബാധിത പ്രദേശങ്ങൾ വൃത്തിയാക്കാനും അടിയന്തര സഹായം എത്തിക്കാനുമായി അധികൃതർ രക്ഷാപ്രവർത്തകരെ വിന്യസിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
നൂനാബന്ദി ഗ്രാമത്തിൽ വീട് തകർന്ന് വീണ് 28 കാരിയായ നാസിയ കൗസർ എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് മുഹമ്മദ് ഹഫീസ്, രണ്ട് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള മൂന്ന് കുട്ടികൾ എന്നിവരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ലോവർ മുറയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഉടമ മുഹമ്മദ് ലത്തീഫിനെയും കുടുംബത്തിലെ മറ്റ് അഞ്ച് പേരെയും കാണാതായി. ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മാർഹോട്ടിൽ ഇരം എന്ന പെൺകുട്ടി അരുവിയിൽ മുങ്ങിമരിച്ചപ്പോൾ, ദുന്ദക് ലാത്തൂങ് പാലത്തിന് സമീപമുള്ള അരുവിയിൽ നിന്ന് തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തു.
