ഒഡീഷയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: റെഡ് അലർട്ട് പ്രഖ്യാപിച്ചു; 2.37 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു

ഒഡീഷ

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ഒഡീഷയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ 2.37 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

​വടക്കൻ ഒഡീഷയിലെ ബാലസോർ, ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ്, കേഓൺഝാർ എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബൈതരണിയും ബ്രാഹ്മണിയും ഉൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. 5 ലക്ഷത്തിലധികം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു.

​രക്ഷാപ്രവർത്തനങ്ങൾക്കായി NDRF, ODRAF, ഫയർഫോഴ്‌സ് എന്നിവയുടെ 90-ഓളം സംഘങ്ങളെ ദുരന്തബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായി മുഖ്യമന്ത്രി മോഹൻ ചരൺ മാഝി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Tags

Share this story