ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ

ശ്രീനഗർ

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം നൽകിയെന്ന് ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രജൗരിയിലെ കോട്ട് ചർവാൽ സ്വദേശികളായ മുഹമ്മദ് അസം, സാക്കിർ ഹുസൈൻ, മുഹമ്മദ് മുഷ്താഖ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതികൾ ഭീകരസംഘങ്ങൾക്ക് താമസസൗകര്യവും മറ്റ് ലോജിസ്റ്റിക് സഹായങ്ങളും നൽകിവരികയായിരുന്നു. രജൗരി-രീസി, പിർ പഞ്ചാൽ എന്നീ മേഖലകളിൽ നിന്ന് ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലേക്ക് നുഴഞ്ഞുകയറാൻ ഭീകരർക്ക് ഇവർ സഹായം ചെയ്തിരുന്നു.

2023ൽ രീസി ജില്ലയിലെ ചസ്സാനയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് സഹായം നൽകിയതിലും ഇവരുടെ പങ്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഗ്രാമത്തോട് ചേർന്നുള്ള വനത്തിൽനിന്ന് ശക്തിയേറിയ ഐഇഡി, ഒരു പിസ്റ്റൾ, മാഗസിൻ, വെടിയുണ്ടകൾ, രണ്ട് ചൈനീസ് ഗ്രനേഡുകൾ എന്നിവ പൊലീസ് കണ്ടെത്തി.

ഭീകരരുടെ നീക്കം സുഗമമാക്കാൻ പ്രതികൾ ഗൈഡുകളായും പ്രവർത്തിച്ചിരുന്നുവെന്നാണ് ആരോപണം. രജൗരി ജില്ലയിൽ അടുത്തകാലത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുമായി ബന്ധമുള്ള സംഘങ്ങൾക്ക് ഇവർ സഹായം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags

Share this story