പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു; യുകെ പ്രസംഗ വിവാദത്തില്‍ രാഹുല്‍ ഗാന്ധി

ലണ്ടന്‍ പ്രസംഗ വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍, മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിനിടെയാണ് രാഹുല്‍ ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. താന്‍ ഒരു പാര്‍ലമെന്റ് അംഗമാണെന്നും പാര്‍ലമെന്റില്‍ തന്നെ തന്റെ പക്ഷം പറയാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഞാന്‍ പറഞ്ഞതോ എനിക്ക് തോന്നിയതോ ആയ കാര്യങ്ങള്‍ സഭയില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ നാല് മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എനിക്കെതിരെ ആരോപണം ഉന്നയിച്ചു. സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുക എന്നത് എന്റെ അവകാശമാണ്. എനിക്ക് സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ സ്പീക്കറിന്റെ ചേംബറില്‍ പോയി അഭ്യര്‍ത്ഥിച്ചു. ബിജെപി അംഗങ്ങള്‍ എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ സംസാരിക്കാന്‍ എനിക്ക് അവകാശമുണ്ടെന്നും പറഞ്ഞു. അദ്ദേഹം ഒന്നും പറയാതെ അദ്ദേഹത്തിന്റേതായ രീതിയില്‍ പുഞ്ചിരിച്ചു. എന്നാല്‍ നാളെ എന്നെ സംസാരിക്കാന്‍ അനുവദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.' രാഹുല്‍ ഗാന്ധി പറഞ്ഞു.
നാല് മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിനാല്‍ സംസാരിക്കാന്‍ അവസരം ലഭിക്കേണ്ടത് എന്റെ ജനാധിപത്യ അവകാശമാണ്. ഇന്ത്യന്‍ ജനാധിപത്യം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ എനിക്ക് എന്റെ അഭിപ്രായം പറയാന്‍ കഴിയും. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു പരീക്ഷണമാണ്. ഒരു പാര്‍ലമെന്റ് അംഗത്തെക്കുറിച്ച് ബിജെപിയുടെ നാല് നേതാക്കള്‍ ആരോപണം ഉന്നയിച്ചതിന് ശേഷം, ആ നാല് മന്ത്രിമാര്‍ക്കും നല്‍കിയ അതേ അവസരം ആ എംപിക്ക് നല്‍കുമോ അതോ അദ്ദേഹത്തോട് മിണ്ടാതിരിക്കാന്‍ പറയുമോ? എന്നും രാഹുല്‍ ചോദിച്ചു.
തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. ഞാന്‍ അദാനിയെ കുറിച്ച് പാര്‍ലമെന്റില്‍ പ്രസംഗിച്ച ദിവസം മുതലാണ് ഈ പ്രശ്‌നങ്ങളുണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ പ്രസ്താവന ആദ്യം സഭയില്‍ പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനുശേഷം നിങ്ങളുമായി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
യുകെയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വലിയ ബഹളമാണ് പാര്‍ലമെന്റില്‍ നടക്കുന്നത്. വിദേശ മണ്ണില്‍ ഇന്ത്യയെ അപമാനിച്ചതിന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മറുവശത്ത്, കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുന്നു.