ഹോർമുസ് ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ഔദ്യോഗികമായി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ന്യൂഡൽഹിയിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡർ (ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ) മുഹമ്മദ് ജാവേദ് ഹൊസൈനിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് രാജ്യത്തിന്റെ ശക്തമായ അതൃപ്തിയും ആശങ്കയും അറിയിച്ചത്.
ഒമാൻ കടൽത്തീരത്തുവെച്ച് യു.എ.ഇയുടെ 'മൊംബാസ', 'അൽ ബാഹിയ' എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂസ് മിസൈൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിലെ ജീവനക്കാരനായ ഒരു ഇന്ത്യൻ നാവികൻ മരണപ്പെടുകയും, ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ടെഹ്റാനിൽ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയിലെ സുരക്ഷ ഉറപ്പാക്കണമെന്നും സമാനമായ അക്രമങ്ങൾ ആവർത്തിക്കരുതെന്നും ഇന്ത്യ നയതന്ത്രതലത്തിൽ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷങ്ങൾ ഉടനടി ലഘൂകരിക്കുന്നതിനുമായി ചർച്ചകളിലൂടെ പരിഹാരമുണ്ടാകണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, പരിക്കേറ്റ ഇന്ത്യൻ നാവികർക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യു.എ.ഇയിലെ പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
