ഹിന്ദു പെൺകുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് എങ്ങനെയാണ് ദേശീയ ഘടനയെ നശിപ്പിക്കുന്നത്: സുപ്രീം കോടതി
ന്യൂഡൽഹി: ഒരു ഹിന്ദു പെൺകുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് ദേശീയ ഘടനയെ നശിപ്പിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി. 'യാദവ് കി ലവ് സ്റ്റോറി' എന്ന സിനിമയ്ക്ക് എതിരായ ഹർജി തള്ളിക്കൊണ്ടാണ് ചോദ്യം. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. യാദവ സമുദായത്തെ അപമാനിക്കുന്ന സിനിമയുടെ ടൈറ്റിൽ മാറ്റുകയോ സിനിമ നിരോധിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ, സിനിമയുടെ പേര് യാദവ സമുദായത്തെ മോശമായ രീതിയിലല്ല അവതരിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു സിനിമയുടെ പേര് എങ്ങനെയാണ് ഒരു സമുദായത്തെ മോശമായി ബാധിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഈ പേരിൽ യാദവ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വിശേഷണങ്ങളോ വാക്കുകളോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ, നീരജ് പാണ്ഡെ സംവിധാനം ചെയ്ത 'ഘൂസ്ഖോർ പാണ്ഡിത്' എന്ന നെറ്റ്‌ഫ്ലിക്സ് ചിത്രത്തിന്‍റെ പേര് മാറ്റാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആ കേസുമായി ഇതിന് വ്യത്യാസമുണ്ടെന്ന് കോടതി പറഞ്ഞു. 'ഘൂസ്ഖോർ' എന്നാൽ 'അഴിമതിക്കാരൻ' എന്നാണ് അർഥം. അത് ഒരു സമുദായത്തിന് നെഗറ്റീവ് അർത്ഥം നൽകുന്നതാണ്. എന്നാൽ 'യാദവ് ജി കി ലവ് സ്റ്റോറി' എന്ന പേരിൽ അത്തരത്തിലുള്ള മോശം അർഥങ്ങൾ ഒന്നുമില്ല.
ഭരണഘടനയുടെ 19(2) അനുച്ഛേദ പ്രകാരമുള്ള ന്യായമായ നിയന്ത്രണങ്ങൾ ഈ കേസിൽ ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചു.ചിത്രത്തിന്‍റെ പേര് ആ സമുദായത്തെക്കുറിച്ച് മോശമായ ഒരു പൊതുധാരണ സൃഷ്ടിക്കുന്നുവെന്നും, ചിത്രത്തിലെ നായികയെ ചിത്രീകരിച്ചിരിക്കുന്ന രീതി ആശങ്കാജനകമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. രണ്ട് സമുദായങ്ങളിലുള്ളവർ വിവാഹിതരാകുന്നത് തങ്ങൾ എതിർക്കുന്നില്ലെന്നും, പക്ഷേ ചിത്രത്തിൽ ഒരു സ്ത്രീയെ അവതരിപ്പിച്ചിരിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കോടതി സിനിമയെ ഫിക്ഷൻ മാത്രമായാണ് പരിഗണിച്ചത്.
