എത്ര നാൾ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കും, സംസ്ഥാനങ്ങൾ ശക്തിപ്പെടാതെ രാജ്യം കരുത്ത് നേടില്ല: ഫാറൂഖ് അബ്ദുള്ള

കേരളത്തിന്റെ ഡൽഹി പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. സംസ്ഥാനങ്ങൾ ശക്തിപ്പെടാതെ രാജ്യം ശക്തിപ്പെടില്ല. സംസ്ഥാനങ്ങൾ പിന്നിലായാൽ രാജ്യം കരുത്ത് നേടില്ല. ഇന്ത്യയെ കരുത്തരാക്കണമെങ്കിൽ പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു

രാജ്യം ശക്തിപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എത്രനാൾ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുമെന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്. പ്രതിപക്ഷം ഒറ്റകെട്ടായി പോരാടണം.ഒരുമിച്ച് നിന്നില്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് നമ്മളെ ഒരുമിപ്പിക്കുന്നത്. പാർലമെന്റിലെ ചർച്ചകൾ രാജ്യത്തിന് ഗുണകരമാകും. ചർച്ചകൾ നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫെഡറലിസത്തെ പിന്തുണച്ചു. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ സീസൺ മാറുന്നതുപോലെ നയം മാറി. ഒരു പാർട്ടി എന്ന നിലയിലേക്കാണ് രാജ്യം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനോട് കേന്ദ്രത്തിന് വിവേചനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീർ ഇന്ത്യയിലല്ലേ എന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു.

Share this story