ഹൗറ രാമനവമി സംഘർഷം; നടപടിയെടുക്കുമെന്ന് മമത: ഹിന്ദു വികാരങ്ങളെ അവഗണിച്ചുവെന്ന് ബിജെപി

Mamatha

പശ്ചിമ ബംഗാളിലെ ഹൗറയിൽ വ്യാഴാഴ്‌ച രാമനവമി റാലികൾ അക്രമാസക്തമായതിനെ തുടർന്ന് കലാപത്തിലും ഗൂഢാലോചനയിലും പങ്കെടുത്തവർക്ക് എതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നറിയിപ്പ് നൽകി. "കലാപത്തിലോ ആക്രമണത്തിലോ പങ്കെടുത്തെങ്കിൽ, ഞങ്ങൾ ഒരു ഒഴിവുകഴിവും കേൾക്കില്ല. പ്രദേശത്തേക്ക് അവരെ പ്രവേശിക്കാൻ അനുവദിച്ചവർക്കും കലാപത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നൽകിയവർക്കെതിരെയും നടപടിയെടുക്കാൻ ഞാൻ പോലീസിനോട് ആവശ്യപ്പെടും." മമത പറഞ്ഞു.

"നിങ്ങളുടെ ഘോഷയാത്രകൾക്ക് വാളെടുക്കാൻ ആരാണ് നിങ്ങൾക്ക് അധികാരവും അനുവാദവും നൽകിയത്? ഹൗറയിൽ അവർ റാലിയിൽ ബുൾഡോസർ ഉപയോഗിച്ചതായി ഞാൻ കേട്ടു. എന്തൊരു ചങ്കൂറ്റം! എന്തുകൊണ്ടാണ് നിങ്ങൾ റൂട്ട് മാറ്റിയത്? ഒരു സമൂഹത്തെ ബോധപൂർവം ദ്രോഹിക്കാനോ? ജനകീയ കോടതിയിൽ ഇതൊന്നും നിലനിൽക്കില്ല. ഒരു തെറ്റും ഗൂഢാലോചനയും നിലനിൽക്കില്ല" അവർ കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ വ്യാഴാഴ്‌ച നടന്ന രാമനവമി റാലിയിൽ സ്വാമി വിവേകാനന്ദ സേവാ സംഘത്തിലെ യുവാക്കൾ വാളുകളും ഹോക്കി സ്‌റ്റിക്കുകളും പുറത്തെടുത്ത് വീശിയിരുന്നു. ഹൗറയിലെ സങ്ക്രെ ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ നിരവധി ആളുകളാണ് ആയുധങ്ങളുമായി റാലി നടത്തിയത്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്‌തു.

സമാനമായ സംഭവത്തിൽ ഷിബ്പൂരിലും രാമനവമി ഘോഷയാത്രയ്ക്കിടെ വാഹനങ്ങൾ കത്തിച്ചിരുന്നു. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലൂടെ ഘോഷയാത്ര നടത്തുന്നതിൽ വലതുപക്ഷ സംഘടനകൾക്ക് മുന്നറിയിപ്പ് നൽകിയതായി മമത ബാനർജി പറഞ്ഞു. "രാമനവമി റാലി നടത്തിയാൽ അക്രമം ഉണ്ടാകാമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. മുസ്ലീങ്ങൾ റംസാൻ ആചരിക്കുന്ന സമയമാണിത്, ഒരു തെറ്റിലും ഏർപ്പെടാൻ കഴിയില്ല. ഹൗറയിൽ കലാപം ഉണ്ടായതായി കേട്ടു" 'ദംഗ (കലാപം)' എന്ന വാക്ക് പലതവണ തന്റെ പ്രസംഗത്തിൽ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

"ഒരു റാലി നടത്തുന്നതിൽ നിന്ന് നിങ്ങളെ ആരും തടഞ്ഞില്ല. അവർ ഹൗറയിൽ എന്തോ ചെയ്‌തിട്ടുണ്ടെന്ന് കേട്ടു. ഞാൻ അവർക്ക് ഉചിതമായ മറുപടി നൽകും. മനപൂർവം അവർ ഒരു സമുദായത്തെ ഇല്ലാതാക്കുകയാണ്. എല്ലാവരും കണ്ണ് തുറന്ന് നിൽക്കുക. തെറ്റ് ചെയ്‌തില്ലെങ്കിൽ ആരെയും അറസ്‌റ്റ് ചെയ്യില്ല. ബുൾഡോസറുകൾ അനുവദിക്കില്ല. ഇന്ന് കലാപം നടത്തുന്നവർ ആരായാലും ശ്രദ്ധിച്ചു കേൾക്കുക. കുറ്റം ചെയ്‌തവരെ ഞാൻ വെറുതെ വിടില്ല. ഹൗറ, പാർക്ക് സർക്കസ്, ഇസ്ലാംപൂർ എന്നിവയാണ് അവരുടെ ലക്ഷ്യം" അവർ കൂട്ടിച്ചേർത്തു.

മമത സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി

"ഹിന്ദു വികാരങ്ങളെ അവഗണിച്ചുകൊണ്ട്, മമത ബാനർജി രാമനവമി ദിനത്തിൽ ധർണ നടത്തി, റംസാൻ ആയതിനാൽ മുസ്ലീം പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് ഹിന്ദുക്കൾക്ക് മുന്നറിയിപ്പ് നൽകി. ഹിന്ദുക്കളും വ്രതമെടുക്കുന്നത് മറന്നു. പശ്ചിമ ബംഗാളിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഹൗറ അക്രമത്തിന് അവർ നേരിട്ട് ഉത്തരവാദിയാണ്" ബംഗാളിലെ അക്രമത്തിലും തീവെപ്പിലും പ്രതികരിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്‌തു.

“കഴിഞ്ഞ വർഷവും ഒരു സംഭവം നടന്നത് അതേ സ്ഥലത്താണ് ഇന്നത്തെ സംഭവവും നടന്നത്, അതിൽ ഒരു പ്രത്യേക സമുദായത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, ഇത് സംസ്ഥാന ഭരണത്തിന്റെയും ക്രമസമാധാന നിലയുടെയും പരാജയമാണ്. സംസ്ഥാനത്ത് ഇന്ന് വൻ റാലികളാണ് നടന്നത്." ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. 

Share this story