മൊൻത ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻത ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഇന്ന് വൈകിട്ടോടെ ആന്ധ്രപ്രദേശിൽ കര തൊടും. ആന്ധ്രയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്
മൂന്ന് സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. ആന്ധ്രയിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന മൊൻത വൈകിട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗതയിൽ ആന്ധ്രയിലെ മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടിയുടെ സമീപം കര തൊടുമെന്നാണ് പ്രവചനം.
