ബെംഗളൂരുവിൽ നഴ്സിനു നേരെ ഭർത്താവിന്റെ ആക്രമണം; വെട്ടുകത്തി കൊണ്ട് വെട്ടി: ആസിഡ് ഒഴിച്ചു

Bang

ബെംഗളൂരു: ബെംഗളൂരു ജെ.പി നഗറിൽ ക്ലിനിക്കിന് സമീപം നഴ്സായ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. കൊൽക്കത്ത സ്വദേശിയായ മധുമിത (26) എന്ന യുവതിയെയാണ് ഭർത്താവ് വെങ്കിടേഷൻ വെട്ടുകത്തി കൊണ്ട് വെട്ടുകയും ആസിഡ് ഒഴിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

​വ്യാഴാഴ്ച രാവിലെ 9.15-ഓടെ ക്ലിനിക്കിൽ നിന്ന് പ്രഭാതഭക്ഷണത്തിനായി പുറത്തിറങ്ങിയ സമയത്താണ് സംഭവം. കാത്തുനിന്ന വെങ്കിടേഷൻ മധുമിതയെ പിന്തുടർന്ന് പാർക്കിംഗ് ഏരിയയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ആസിഡ് ഒഴിച്ച ശേഷം വെട്ടുകത്തി കൊണ്ട് നിരവധി തവണ വെട്ടിപ്പരിക്കേൽപ്പിച്ചു.

​തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും ഇയാൾ ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ജെ.പി നഗർ പൊലീസ് വെങ്കിടേഷനെ കസ്റ്റഡിയിലെടുത്തു. ദാമ്പത്യ തർക്കത്തെ തുടർന്ന് ഇരുവരും കഴിഞ്ഞ ഒരു വർഷമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

Tags

Share this story