അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ബിരുദം വേണ്ട; ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ നൽസാർ വിദ്യാർഥികളുടെ പ്രതിഷേധം

സൂര്യകാന്ത്

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ നിയമ പഠന കേന്ദ്രങ്ങളിലൊന്നായ ഹൈദരാബാദ് നൽസാർ (NALSAR) ലോ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം. അദ്ദേഹത്തിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി അവസാന വർഷ വിദ്യാർഥികൾ (2026 ബാച്ച്) സർവകലാശാല ഭരണകൂടത്തിന് കത്തെഴുതി.

​ഡൽഹിയിൽ നടന്ന വിദ്യാർഥികളുടെ പ്രതിഷേധങ്ങൾക്കെതിരെയും പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെയും സുപ്രീം കോടതി സ്വീകരിച്ച നിലപാടുകളിലും, ചീഫ് ജസ്റ്റിസിന്റെ സമീപകാല പരാമർശങ്ങളിലും പ്രതിഷേധിച്ചാണ് വിദ്യാർഥികളുടെ ഈ അപൂർവ്വ നീക്കം.

പ്രതിഷേധത്തിന് പിന്നിലെ കാരണം

​നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങളിൽ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കാൻ വിസമ്മതിച്ചതും, ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങളുമാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. "വീഡിയോകൾ കാണാൻ ഞങ്ങൾക്ക് സമയമില്ല", "ഞങ്ങളുടെയും നിങ്ങളുടെയും സമയം പാഴാക്കരുത്" തുടങ്ങിയ പ്രസ്താവനകൾ ജനകീയ സമരങ്ങളോടുള്ള നീതിന്യായ വ്യവസ്ഥയുടെ നിഷേധാത്മക നിലപാടാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാർഥികൾ കത്തിൽ ഉന്നയിച്ച കാര്യങ്ങൾ:

ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം: ഭരണഘടനാ അവകാശങ്ങളെയും നീതി ഉറപ്പാക്കലിനെയും കുറിച്ച് പഠിപ്പിക്കുന്ന നൽസാറിൽ നിന്ന് പഠിച്ചിറങ്ങുമ്പോൾ, പൗരന്മാരുടെ പ്രതിഷേധങ്ങളെയും പൊലീസ് അതിക്രമങ്ങളെയും നിസ്സാരവത്കരിച്ച വ്യക്തിയിൽ നിന്ന് ബിരുദം സ്വീകരിക്കുന്നത് സർവകലാശാല ഉയർത്തിപ്പിടിക്കുന്ന തത്ത്വങ്ങൾക്ക് നിരക്കുന്നതല്ല.

തീരുമാനം പുനഃപരിശോധിക്കണം: ചീഫ് ജസ്റ്റിസിനെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിച്ച നീക്കം വൈസ് ചാൻസലറും രജിസ്ട്രാറും ഉൾപ്പെടുന്ന ഭരണസമിതി പുനഃപരിശോധിക്കണമെന്ന് 70-ഓളം വരുന്ന ബിരുദ വിദ്യാർഥികൾ ഒപ്പിട്ട കത്തിൽ ആവശ്യപ്പെട്ടു. തുടർന്നുള്ള മറ്റ് ബാച്ചുകളിലെ വിദ്യാർഥികളും ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

​സാധാരണയായി നൽസാർ ബിരുദദാന ചടങ്ങുകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പ്രസംഗിക്കുന്നത് ഒരു പരമ്പരാഗത രീതിയായി തുടരുന്നതാണ്. എന്നാൽ വിദ്യാർഥികളുടെ ഈ അഭൂതപൂർവ്വമായ കത്തിന്മേൽ സർവകലാശാല ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുകയോ ചടങ്ങിന്റെ തീയതി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. 

Tags

Share this story