മോദിയേക്കാൾ വിദ്യാഭ്യാസമുണ്ട്; മികച്ച ഇംഗ്ലീഷും സംസാരിക്കും: ബിജെപി നേതാവിന് മറുപടിയുമായി പ്രിയങ്ക് ഖാർഗെ
തന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്ത ബിജെപി നേതാവിന് ശക്തമായ മറുപടിയുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്ത്. തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും, അദ്ദേഹത്തേക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്നും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി പ്രിയങ്ക് ഖാർഗെയുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് ചോദിക്കുകയും, വിവരാവകാശ നിയമപ്രകാരം പോലും അത് വ്യക്തമല്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഖാർഗെയുടെ പരാമർശം. മോദിയുടെ ബിരുദം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടുപോലും അത് വെളിപ്പെടുത്തുന്നില്ലെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു
താനൊരു ഗ്രാഫിക് ഡിസൈനറാണെന്ന് ലോകത്തിന് അറിയാമെന്നും അതിൽ യാതൊരു ലജ്ജയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സംസ്‌കൃതം വായിക്കാൻ അറിയാമെന്നും, ബിജെപി നേതാക്കൾ തന്നെ 'കോൺവെന്റ് ദളിത്' എന്ന് ആക്ഷേപിക്കുമ്പോൾ, താൻ അദമരു മഠം നടത്തുന്ന സ്കൂളിലാണ് പഠിച്ചതെന്നും, എന്നാൽ അവരുടെ മക്കളാണ് കോൺവെന്റ് സ്കൂളുകളിൽ പഠിച്ചതെന്നും പ്രിയങ്ക് ഖാർഗെ പരിഹസിച്ചു.
മോദിയുടെ വരാനിരിക്കുന്ന കര്‍ണാടക സന്ദര്‍ശനത്തില്‍ തനിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നും കര്‍ണാടകക്കാരുടെ നികുതിപ്പണം കൈക്കലാക്കാനാണ് മോദി ഇവിടെയെത്തുന്നതന്നെും ഖാര്‍ഗെ ആരോപിച്ചു.
ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍, മോദിയോട് അദ്ദേഹം ദുരന്തര നിവാരണ ഫണ്ട് പരസ്യമായി ചോദിച്ചിരുന്നു. എന്നാല്‍ ഒരു രൂപ പോലും മോദി നല്‍കിയില്ല. മൈസൂരിനെ പാരീസാക്കി മാറ്റുമെന്നാണ് മോദിയുടെ വാഗ്ദാനം. ഇതിലൊന്നും തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
