ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആശയം ജനങ്ങളിലെത്തിക്കാൻ സാധിച്ചു: സ്റ്റാലിൻ

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൻ പരാജയമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പത്ത് വർഷം മുമ്പ് മോദി നൽകിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് സാധിച്ചെന്നും സ്റ്റാലിൻ പറഞ്ഞു

ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സഖ്യത്തിന്റെ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ ചർച്ചകൾ നടത്തി വരികയാണ്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിൽ കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ്, കെഎൻഎംഡികെ എന്നീ പാർട്ടികളുമായി സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്

സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളിൽ 21 എണ്ണത്തിൽ ഡിഎംകെ മത്സരിക്കും. കമൽഹാസന്റെ എംഎൻഎം പാർട്ടി ഇന്ത്യ സഖ്യത്തിലെ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തും. കമൽഹാസന് 2025ൽ രാജ്യസഭാ സീറ്റ് നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു.
 

Share this story