ചതിക്കപ്പെട്ടത് ഞാനാണ്, രാധ സ്വർണം തട്ടിയെടുത്തു; സഹോദരിയുടെ പരാതിയിൽ പ്രതികരിച്ച് നടി അംബിക
ചെന്നൈ: കോടികളുടെ ചെക്ക് തട്ടിപ്പ് കേസിലും സ്വത്ത് തർക്കത്തിലും സഹോദരി രാധ നൽകിയ പൊലീസ് പരാതിക്കെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന നടി അംബിക. കേസിൽ യഥാർത്ഥത്തിൽ ചതിക്കപ്പെട്ടത് താനാണെന്നും രാധയാണ് തന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതെന്നും അംബിക ആരോപിച്ചു.
ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ, അംബികയും സഹോദരൻ മല്ലികാർജുനനും ചേർന്ന് തന്റെ ഒപ്പിട്ട ചെക്കുകൾ മോഷ്ടിച്ച് 46 കോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി രാധ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അംബിക പൂർണ്ണമായി തള്ളി.
"എന്തിനാണ് രാധ എനിക്കെതിരെ പരാതി നൽകിയതെന്ന് അറിയില്ല. യഥാർത്ഥത്തിൽ ചതിക്കപ്പെട്ടത് ഞാനാണ്, ഞാനാണ് പോലീസിൽ പരാതി നൽകേണ്ടിയിരുന്നത്. രാധ ആരോ നൽകിയ തെറ്റായ ഉപദേശം കേട്ടാണ് എനിക്കെതിരെ രംഗത്തുവന്നത്. എആർഎസ് ഗാർഡൻ ഞങ്ങളുടെ അധ്വാനം കൊണ്ട് വാങ്ങിയ സ്വത്താണ്. അത് എം.ജി.ആർ സൗജന്യമായി നൽകിയതാണെന്ന പ്രചാരണം തെറ്റാണ്. എന്റെ സ്വർണവും ആഭരണങ്ങളും രാധയുടെ പക്കലാണുള്ളത്" എന്നും അംബിക വ്യക്തമാക്കി.
കുടുംബബന്ധങ്ങൾക്ക് ഇപ്പോൾ യാതൊരു മൂല്യവുമില്ലെന്നും തങ്ങൾ പടുത്തുയർത്തിയ കുടുംബത്തിലും ബന്ധങ്ങളിലും വിള്ളലുകൾ വീണതിൽ വലിയ വിഷമമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. കുടുംബസ്വത്ത് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും നിയമപരമായ പ്രശ്നങ്ങളും നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും അംബിക പറഞ്ഞു.
