ബംഗാളിൽ ബിജെപി ജയിച്ചാല്‍ രാമനവമി റാലിയെ ആക്രമിക്കാന്‍ ആരും ധൈര്യപ്പെടില്ല: അമിത് ഷാ

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ പശ്ചിമ ബംഗാളില്‍ രാമനവമി ഘോഷയാത്രയെ ആക്രമിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്ന് അമിത് ഷാ. ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ തരൂ, രാമനവമി ഘോഷയാത്രകള്‍ സമാധാനപരമായി നടത്തുന്നത് ഞങ്ങള്‍ ഉറപ്പാക്കും. ബംഗാളിനെ ഭീകരതയില്‍ നിന്ന് മോചിപ്പിക്കാനുള്ള ഏക മാര്‍ഗം ബിജെപിയാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തിയ അദ്ദേഹം ബിര്‍ഭൂമില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു.
ബംഗാളില്‍ രാമനവമി ഘോഷയാത്രകള്‍ നടത്താന്‍ കഴിയില്ലേ, അവര്‍ ആക്രമിക്കപ്പെടുമോ എന്ന് അമിത് ഷാ ചോദിച്ചു. ദീദിയുടെ (മമത ബാനര്‍ജി) പ്രീണനമാണ് ഇതിലേക്ക് നയിച്ചത്. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ രാമനവമി ഘോഷയാത്രയെ ആക്രമിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.
''ദീദിയുടെയും അനന്തരവന്റേയും കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാനുള്ള ഏക മാര്‍ഗം ബിജെപിയാണ്. ബംഗാളിനെ ഭീകരതയില്‍ നിന്ന് മോചിപ്പിക്കാനുള്ള ഏക മാര്‍ഗവും ബിജെപിയാണ്. ബംഗാളിലെ നുഴഞ്ഞുകയറ്റം തടയാനുള്ള ഏക വഴിയും ബിജെപിയാണ്... 2024ല്‍ ഞങ്ങള്‍ക്ക് 35 സീറ്റ് തരൂ, 2025ല്‍ (പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്) വേണ്ടിവരില്ല; 2025ന് മുമ്പ് മമതാ ദീദിയുടെ സര്‍ക്കാര്‍ തകരും.'
'സഹോദരനെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ മാത്രമാണ് ദീദിക്ക് താല്‍പ്പര്യം. മമത ദീദി, നിങ്ങള്‍ക്ക് ശേഷം അനന്തരവന്‍ മുഖ്യമന്ത്രിയാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് സ്വപ്നം കാണുന്നതാണ്. ബിര്‍ഭൂമില്‍ നിന്ന് ഞാന്‍ പറയുന്നു, അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന്. ട്രെയിലര്‍ 2024 പൊതു തിരഞ്ഞെടുപ്പില്‍ കാണും,'' അമിത് ഷാ പറഞ്ഞു
പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമോ? കശ്മീരിലെ തീവ്രവാദത്തെ നേരിടാന്‍ മമതയ്ക്ക് കഴിയുമോ? പ്രധാനമന്ത്രി മോദിക്ക് മാത്രമേ കഴിയൂ. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മമതാ ബാനര്‍ജിയും എല്ലാം വര്‍ഷങ്ങളോളം രാമക്ഷേത്ര നിര്‍മ്മാണം തടഞ്ഞു... ഒരു നല്ല ദിവസം വാതില്‍ തുറന്നത് പ്രധാനമന്ത്രി മോദിയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ദ്വിദിന സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ ബിജെപിയുടെ സംഘടനാ ശക്തി അദ്ദേഹം വിലയിരുത്തും. അടുത്ത മാസം നടക്കാനിരിക്കുന്ന ഗ്രാമീണ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ സന്ദര്‍ശനം. പാര്‍ട്ടി അതിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ കഠിന പ്രയത്‌നത്തിലാണ്.