തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ നൈസാമിന്റെ എല്ലാ ഗോപുരങ്ങളും, സാംസ്കാരിക ചിഹ്നങ്ങളും നശിപ്പിക്കും: ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ്

BJP

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ, നൈസാമിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന മുഴുവൻ ഗോപുരങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ പറഞ്ഞു. പുതുതായി നിർമ്മിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഗോപുരങ്ങൾ ഉൾപ്പെടെ പൊളിച്ചു മാറ്റും. നൈസാം ഭരണ കാലത്തെ അടിമത്തത്തിന്റെ പ്രതീകങ്ങളാണിവയെന്നും ഇന്ത്യൻ, തെലങ്കാന സംസ്ക്കാരം പ്രതിഫലിപ്പിക്കുന്ന അനുയോജ്യമായ മാറ്റങ്ങൾ തെലങ്കാനയിൽ വരുത്തുമെന്നും സഞ്ജയ് പറഞ്ഞു. "ജനം ഗോസ-ബിജെപി ഭരോസ" പരിപാടിയുടെ ഭാഗമായി കുക്കട്ട്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഓൾഡ് ബോയിൻ പള്ളിയിൽ പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സഞ്ജയ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവൻ പ്രജാ ദർബാറാക്കി മാറ്റുമെന്ന് ബിജെപി നേതാവ് അറിയിച്ചു.

കെസിആറിനെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷൻ

റോഡ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന ആരാധനാലയങ്ങൾ സർക്കാർ പൊളിക്കുമെന്ന മുഖ്യമന്ത്രി കെസിആറിന്റെ  പ്രസ്താവനയോട്, കഴിയുമെങ്കിൽ ബാംഗ്ലൂർ നഗരത്തിൽ പഴയകാലത്ത് റോഡുകൾക്ക് നടുവിൽ നിർമ്മിച്ച പള്ളികൾ പൊളിച്ചുമാറ്റാൻ ബന്ദി സഞ്ജയ് ആവശ്യപ്പെട്ടു. ഭരണകക്ഷി നേതാക്കൾ കുക്കട്ട് പള്ളിയിലെ പാവപ്പെട്ടവരുടെ ഭൂമി കയ്യേറി. പ്രതിഷേധം രേഖപ്പെടുത്തിയവരെ കള്ളക്കേസിൽ കുടുക്കിയെന്നും സഞ്ജയ് ആരോപിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും ബിജെപിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാരത് രാഷ്ട്ര സമിതിയുടെ അരാജക ഭരണവും മോദി സർക്കാരിന്റെ വിജയഗാഥകളും ജനങ്ങളോട് വിശദീകരിക്കാനാണ് ബിജെപി സ്ട്രീറ്റ് കോർണർ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. 

സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ച് ഒരു വേവലാതിയുമില്ലാതെ മുഖ്യമന്ത്രി ഫാം ഹൗസിലോ പ്രഗതി ഭവനിലോ ആയി ഒതുങ്ങി നിൽക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകിയിട്ടില്ലെന്നും വികസനം പിന്നാക്കം പോയെന്നും സഞ്ജയ് പറഞ്ഞു. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 60 ശതമാനവും വരുന്ന ഹൈദരാബാദിൽ വികസനത്തിന് എത്ര തുക ചെലവഴിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.  

Share this story