ദൈവമാണെന്ന് തോന്നുന്നുണ്ടേൽ മോദി ക്ഷേത്രം പണിത് അതിലിരിക്കണം; രാജ്യത്തെ ബുദ്ധിമുട്ടിക്കരുതെന്ന് മമത

mamata

തന്റെ ജനനം ജൈവികമല്ലെന്നും ദൈവികമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ പരിഹസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി സ്വയം ദൈവമായി കരുതുകയാണെങ്കിൽ ഒരു ക്ഷേത്രം പണിയണമെന്നും തുടർന്നുള്ള കാലം രാജ്യത്തെ കുഴപ്പത്തിലാക്കാതെ അതിനുള്ളിൽ കയറി ഇരിക്കണമെന്നും മമത പരിഹസിച്ചു

ദൈവങ്ങൾക്ക് രാഷ്ട്രീയം പാടില്ല, അവർ കലാപം ഉണ്ടാക്കരുതെന്നും മമത പറഞ്ഞു. കൊൽക്കത്തയിൽ തൃണമൂലിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ഒരാൾ പറയുന്നു മോദി ദൈവങ്ങളുടെ ദൈവമാണെന്ന്. മറ്റൊരാൾ പറയുന്നു ജഗന്നാഥ ഭഗവാൻമോദിയുടെ ഭക്തനാണെന്ന്. അദ്ദേഹം ദൈവമാണെങ്കിൽ രാഷ്ട്രീയത്തിലിറങ്ങാൻ പാടില്ല

ഞങ്ങൾ മോദിക്കൊരു ക്ഷേത്രം പണിതു തരാം. അവിടെ പ്രതിഷ്ഠയായി ഇരുത്താം. പ്രസാദം വിതരണം ചെയ്യാം. ഞങ്ങളെ അനുഗ്രഹിച്ചാൽ ധോക്ക്‌ല കാണിക്കയായി നൽകാം. വാജ്‌പേയി, മൻമോഹൻ സിംഗ്, രാജീവ് ഗാന്ധി, ദേവഗൗഡ, നരസിംഹ റാവു എന്നിവർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ മോദിയെ പോലൊരാളെ കണ്ടിട്ടില്ല. ഇത്തരമൊരു പ്രധാനമന്ത്രി രാജ്യത്തിന് ആവശ്യമില്ലെന്നും മമത പറഞ്ഞു
 

Share this story