കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ; AI-171 ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തകന്റെ വാക്കുകൾ കണ്ണീരാകുന്നു

Plane Crash

അഹമ്മദാബാദ്: ഇരുനൂറിലധികം ആളുകളുടെ ജീവൻ പൊലിഞ്ഞ AI-171 വിമാനാപകടത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ദുരന്തഭൂമിയിൽ ആദ്യമെത്തിയ രക്ഷാപ്രവർത്തകർ. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും ഒരൊറ്റ യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തകൾ പുറത്തുവരുന്നതിനിടെയാണ്, കൂടുതൽ ആളുകളെ രക്ഷിക്കാൻ കഴിയാത്തതിലുള്ള തങ്ങളുടെ തീരാദുഃഖം ആദ്യഘട്ട രക്ഷാപ്രവർത്തകർ (First Responders) മാധ്യമങ്ങളോട് പങ്കുവെച്ചത്.

"അവിടെ എത്തുമ്പോൾ കൺമുന്നിൽ കണ്ട കാഴ്ച്ചകൾ വിവരിക്കാൻ വാക്കുകളില്ല. ഇനിയൊരു ജീവൻ കൂടി ബാക്കിയുണ്ടാകില്ല എന്നാണ് ഞങ്ങൾ കരുതിയത്. എങ്കിലും പരമാവധി ആളുകളെ ജീവനോടെ പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിച്ചു. കൂടുതൽ ജീവനുകൾ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആത്മാർത്ഥമായി ആഗ്രഹിച്ചുപോവുകയാണ്," ദുരന്തസ്ഥലത്ത് ആദ്യ നിമിഷങ്ങളിൽ ഓടിയെത്തിയ ഒരു രക്ഷാപ്രവർത്തകൻ വികാരാധീനനായി പറഞ്ഞു.

​അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന ഉടനെയാണ് എയർ ഇന്ത്യയുടെ AI-171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും ദാരുണമായി മരണപ്പെട്ടിരുന്നു. എമർജൻസി എക്സിറ്റിന് സമീപം സീറ്റ് ലഭിച്ച ഒരു യാത്രക്കാരൻ മാത്രമാണ് ജീവനോടെ അവശേഷിച്ചത്. തീയും പുകയും നിറഞ്ഞ അന്തരീക്ഷത്തിൽ ജീവൻ പണയപ്പെടുത്തിയാണ് ഫയർഫോഴ്സും പ്രാദേശിക രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും ഇവിടേക്ക് എത്തിയത്. എന്നാൽ വിമാനത്തിന് തീപിടിച്ചതോടെ പലരെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. ഈ ദുരന്തം തങ്ങളെ ജീവിതകാലം മുഴുവൻ വേട്ടയാടുമെന്നാണ് രക്ഷാപ്രവർത്തകർ ഒരേസ്വരത്തിൽ പറയുന്നത്.

Tags

Share this story