മാതാപിതാക്കൾ ഐഎഎസ് ഉദ്യോഗസ്ഥരെങ്കിൽ മക്കൾക്കെന്തിന് സംവരണം; ചോദ്യവുമായി സുപ്രീം കോടതി: ക്രീമിലെയർ കേസിൽ നിർണായക നിരീക്ഷണം

Suprem Court New

ന്യൂഡൽഹി: പിന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സംവരണ ആനുകൂല്യങ്ങൾ തുടർച്ചയായി നൽകുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. സംവരണത്തിലൂടെ ഒരു കുടുംബം സാമൂഹിക പുരോഗതി കൈവരിച്ചു കഴിഞ്ഞാൽ, ആ ആനുകൂല്യങ്ങളിൽ നിന്ന് അവർ സ്വയം പുറത്തുകടക്കണമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.

​മാതാപിതാക്കൾ ഇരുവരും സർക്കാർ സർവീസിൽ ഉയർന്ന തസ്തികകളിലിരിക്കുന്ന കുട്ടികൾക്ക് ഒബിസി (OBC) സംവരണം അനുവദിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ കടുത്ത പരാമർശം. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

​"മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കിൽ അവർക്ക് എന്തിനാണ് വീണ്ടും സംവരണം? വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ അവിടെ സാമൂഹിക മുന്നേറ്റം (Social mobility) നടന്നു കഴിഞ്ഞു. എന്നിട്ടും അവരുടെ മക്കൾക്കായി വീണ്ടും സംവരണം തേടിയാൽ നമ്മൾ എങ്ങനെ ഇതിൽ നിന്ന് പുറത്തുകടക്കും? മാതാപിതാക്കൾ പഠിച്ച് നല്ല ജോലി നേടി, മികച്ച വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിൽ കുട്ടികൾ സംവരണ പരിധിയിൽ നിന്ന് പുറത്തുപോകണം."

- ജസ്റ്റിസ് ബി.വി. നാഗരത്ന

 

​കർണാടകയിൽ മാതാപിതാക്കൾ ഇരുവരും സർക്കാർ ജീവനക്കാരായ ഒരു ഉദ്യോഗാർത്ഥിയെ ക്രീമിലെയർ (Creamy Layer) പരിധിയിൽപ്പെടുത്തി ഒബിസി സംവരണത്തിൽ നിന്ന് ഒഴിവാക്കിയ കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ പ്രതികരണം.

​സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നത് ശരിയാണെന്നും, എന്നാൽ സംവരണത്തിന്റെ ആനുകൂല്യം പറ്റി ഒരു തലമുറ ഉയർന്ന നിലയിൽ എത്തിക്കഴിഞ്ഞാൽ അവിടെ കൃത്യമായ ഒരു സന്തുലിതാവസ്ഥ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സമ്പന്ന വിഭാഗങ്ങളെ സംവരണത്തിൽ നിന്ന് ഒഴിവാക്കാൻ നിലവിൽ തന്നെ സർക്കാർ ഉത്തരവുകളുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. വിഷയം കൂടുതൽ പരിശോധിക്കുന്നതിനായി കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Tags

Share this story