'ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ'; സർപ്രൈസ് പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ
ബെംഗളൂരു: 'ചില്ലറയില്ലെങ്കിൽ വണ്ടിയിൽ നിന്ന് ഇറങ്ങിക്കോ...' സാധാരണക്കാരായ ബസ് യാത്രക്കാർ സ്ഥിരമായി കേൾക്കാറുള്ള ഈ മറുപടി ഇത്തവണ നേരിടേണ്ടി വന്നത് മറ്റാർക്കുമല്ല, സാക്ഷാൽ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന്! ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പോരായ്മകൾ നേരിട്ടറിയാൻ ശനിയാഴ്ച രാത്രി മാസ്ക് ധരിച്ച് സാധാരണക്കാരനായി ബി.എം.ടി.സി (BMTC) ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് മന്ത്രിക്ക് ഈ ദുരനുഭവം ഉണ്ടായത്.
ഹെബ്ബാളിൽ നിന്നും നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസിലാണ് മന്ത്രി കയറിയത്. രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട അദ്ദേഹം കണ്ടക്ടർക്ക് 100 രൂപയുടെ നോട്ട് നൽകി. എന്നാൽ ബാക്കി നൽകാൻ ചില്ലറയില്ലെന്ന് പറഞ്ഞ കണ്ടക്ടർ, കൃത്യമായ തുക നൽകാൻ കഴിഞ്ഞില്ലെങ്കിൽ ബസിൽ നിന്നും ഇറങ്ങാൻ മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ യാത്രക്കാരൻ മന്ത്രിയാണെന്ന് കണ്ടക്ടർക്ക് മനസ്സിലായില്ല. തുടർന്ന് തർക്കത്തിനൊന്നും നിൽക്കാതെ മന്ത്രി ബസിൽ നിന്നും ഇറങ്ങി.
രണ്ട് മണിക്കൂറോളം നീണ്ട സർപ്രൈസ് പരിശോധനയിൽ പത്തോളം ബസുകളിലാണ് മന്ത്രി യാത്ര ചെയ്തത്. മറ്റൊരു സംഭവത്തിൽ, യാത്രക്കാർ കൈ കാണിച്ചിട്ടും നിർത്താതെ പോയ ബസിലെ ഡ്രൈവർക്കെതിരെയും കണ്ടക്ടർക്കെതിരെയും മന്ത്രി ഉടൻ തന്നെ സസ്പെൻഷൻ നടപടിയ സ്വീകരിച്ചു.
ബസിൽ നിന്ന് ഇറങ്ങിയ ശേഷം മന്ത്രി ഒരു ഓട്ടോറിക്ഷയിലാണ് യാത്ര തുടർന്നത്. അവിടെയും മീറ്റർ ചാർജ് 30 രൂപ കാണിച്ചപ്പോൾ ഡ്രൈവർ 36 രൂപ ആവശ്യപ്പെടുകയും, ഒടുവിൽ മന്ത്രിക്ക് 40 രൂപ നൽകേണ്ടി വരികയും ചെയ്തു. ബെംഗളൂരുവിലെ പൊതുഗതാഗത മേഖലയിലെ ജീവനക്കാരുടെ ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിലും ഇത്തരം സർപ്രൈസ് പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
