​'അഹിന്ദുക്കളുടെ വീട്ടില്‍ പോയാൽ പെണ്‍മക്കളുടെ കാലുകൾ തല്ലിയൊടിക്കണം'; വിവാദ പരാമര്‍ശവുമായി പ്രജ്ഞാ സിങ് ഠാക്കൂര്‍

ബിജെപി 1200

അഹിന്ദുക്കളുടെ വീട്ടില്‍ പെണ്‍മക്കള്‍ പോകുന്നത് മാതാപിതാക്കള്‍ വിലക്കണമെന്ന വിവാദപരാമര്‍ശവുമായി ബിജെപി മുൻ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. മാതാപിതാക്കളെ ഇത്തരത്തിൽ അനുസരിക്കാത്തവരുടെ കാലുകൾ തല്ലി ഒടിക്കണമെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞു. പ്രജ്ഞാ സിങ് ഠാക്കൂറിന്റെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ പെണ്‍മക്കളെ വിലക്കണമെന്നും ഈ നിര്‍ദേശം പെണ്‍മക്കള്‍ പാലിക്കാത്തപക്ഷം അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നുമാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞത്. ഈ മാസം ആദ്യം ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ആയിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.

നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതിരുന്നാല്‍, അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെയും തീര്‍ച്ചയായും ശിക്ഷിക്കണം. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ല. മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കില്ല-പ്രജ്ഞ പറഞ്ഞു.

മൂല്യങ്ങൾ പിന്തുടരാത്ത, മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍നിന്ന് ഓടിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അവരെ വീട് വിടാന്‍ അനുവദിക്കരുത്. അടിച്ചോ പറഞ്ഞു മനസ്സിലാക്കിയോ സമാധാനിപ്പിച്ചോ സ്‌നേഹിച്ചോ ചീത്തപറഞ്ഞോ അവരെ തടയണം എന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞു.

Tags

Share this story