ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ ശരീരത്തിലൂടെ ബുൾഡോസർ കയറ്റൂ; കാളിഘട്ട് സംഘർഷത്തിൽ പൊട്ടിത്തെറിച്ച് മമത ബാനർജി
കാളി പൂജ ആഘോഷങ്ങൾക്കും ദീപാവലിക്കും തൊട്ടുമുമ്പ് കൊൽക്കത്ത കാളിഘട്ടിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. പ്രദേശത്ത് നടക്കുന്നത് "ശുദ്ധ ഗുണ്ടായിസവും അക്രമവുമാണ്" എന്ന് മമത ആരോപിച്ചു.
ശനിയാഴ്ച പുലർച്ചെ രണ്ടിഓടെയാണ് അഭിഷേക് ബാനർജിയുടെ വീടിന് മുന്നിൽ സംഘർഷമുണ്ടായത്. ബി.ജെ.പി പ്രവർത്തകർ പ്രദേശത്തെ പരമ്പരാഗത കാളി പൂജാ ആഘോഷങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും വൻതോതിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് മമത ബാനർജിയും ടി.എം.സി നേതാക്കളും ആരോപിക്കുന്നത്.
"പരമ്പരാഗതമായി പൂജകൾ നടക്കുന്ന ഞങ്ങളുടെ പ്രദേശത്ത് പുലർച്ചെ വന്ന് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ ശരീരത്തിലൂടെ ബുൾഡോസർ ഓടിച്ചു കയറ്റൂ," എന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ തൃണമൂൽ-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയും സംഘർഷത്തിൽ എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശം ഇപ്പോൾ വലിയ പോലീസ് സുരക്ഷയിലാണ്.
