ഡൽഹിയിൽ പാക് ഹൈക്കമ്മീഷന് മുന്നിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി; ബാരിക്കേഡുകളും നീക്കം ചെയ്തു
ന്യൂഡൽഹി: ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷന് മുന്നിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ ബാരിക്കേഡുകളും ട്രാഫിക് ബോർഡുകളും നീക്കം ചെയ്തു. വിസ വിഭാഗത്തിന് സമീപത്തെ ക്യൂ ലൈനറുകളും ഔദ്യോഗിക കോമ്പൗണ്ടിന് വെളിയിലായി സ്ഥിതിചെയ്തിരുന്ന മറ്റ് നിർമിതികളുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കിയത്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട അമേരിക്കൻ നിലപാടുകളോടും പരാമർശങ്ങളോടും പാകിസ്താൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയതിന് ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യയുടെ നടപടി
അമേരിക്കൻ നയതന്ത്രജ്ഞന്റെ പരാമർശങ്ങൾ കശ്മീർ വിഷയത്തിൽ പുതിയ തർക്കങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന യു.എസ് അംബാസഡറുടെ പ്രസ്താവനയ്ക്കെതിരെ പാകിസ്താൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദിലെ യു.എസ് ചാർജ് ഡി അഫയേഴ്സ് നതാലി ബേക്കറെ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
#WATCH | Delhi | Indian authorities dismantle the external security perimeter outside the Pakistan High Commission, removing traffic bollards and barricades that previously ring-fenced the diplomatic compound. pic.twitter.com/QYvbj7s7fE
— ANI (@ANI) August 20, 2026
ഈ പരാമർശം യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും കശ്മീരിൽ മുൻപ് യു.എസ് സ്വീകരിച്ചിരുന്ന നിലപാടുകൾക്ക് വിരുദ്ധമാണെന്നുമാണ് പാകിസ്താൻ ഉയർത്തുന്ന വാദം. എന്നാൽ കശ്മീർ വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള മൂന്നാം കക്ഷിയുടെ ഇടപെടലുകളെ ഇന്ത്യ എന്നും പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം കശ്മീർ സന്ദർശിച്ച യു.എസ് അംബാസഡർ സെർജിയോ ഗോർ, മേഖലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യവും അതിപ്രധാനവുമായ ഭാഗമാണെന്നും, പ്രകൃതിരമണീയമായ ഈ പ്രദേശം കാണാൻ ധാരാളം അമേരിക്കക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും സെർജിയോ ഗോർ വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങളിൽ ഉണ്ടായ പുരോഗതി കണക്കിലെടുത്ത്, ജമ്മു കശ്മീരിലേക്കുള്ള യാത്രാ മുന്നറിയിപ്പുകളിൽ മാറ്റം വരുത്താൻ അമേരിക്ക ആലോചിക്കുന്നതായും സെർജിയോ ഗോർ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ കശ്മീരിലെ യാത്രാ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും ആവശ്യം ഉന്നയിച്ചിരുന്നു.
നിലവിലെ നിയന്ത്രണങ്ങൾ ടൂറിസം മേഖലയെയും പ്രദേശവാസികളുടെ ഉപജീവനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടിയത്. തുടർന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-യു.എസ് ബന്ധങ്ങളും കശ്മീർ വിഷയത്തിൽ അമേരിക്കയ്ക്കുള്ള പങ്കും ചർച്ചാ വിഷയങ്ങളായി. പുതിയ സംഭവവികാസങ്ങൾ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും വലിയ ശ്രദ്ധ നേടി.
