ഇന്ത്യാ ഗേറ്റ് പ്രതിഷേധം: മലിനീകരണത്തിനെതിരായ സമരത്തിൽ മാവോയിസ്റ്റ് മുദ്രാവാക്യം: 5 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
ഡൽഹിയിലെ വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിനിടെ, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിഡ്മയ്ക്ക് (Madvi Hidma) അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് വിദ്യാർത്ഥികളെ കോടതി രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രതിഷേധക്കാർ പോലീസിന് നേരെ പെപ്പർ സ്പ്രേ (Pepper spray) പ്രയോഗിച്ചെന്നും, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നും പോലീസ് ആരോപിച്ചു. ഹിഡ്മയ്ക്ക് സിന്ദാബാദ് വിളിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. അടുത്തിടെ ആന്ധ്രാപ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊടും മാവോയിസ്റ്റ് നേതാവാണ് മദ്‌വി ഹിഡ്മ.
അതേസമയം, വായു മലിനീകരണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
