എഫ്.സി.ആർ.എ ബില്ലിലെ യു.എസ് എം.പിയുടെ വിമർശനം തള്ളി ഇന്ത്യ; 'പാർലമെന്റിന്റെ അധികാരം, ആഭ്യന്തര വിഷയം' എന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: വിദേശ ധനസഹായ നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബില്ലിനെച്ചൊല്ലി അമേരിക്കൻ ജനപ്രതിനിധി നടത്തിയ വിമർശനങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA). നിയമനിർമ്മാണങ്ങൾ ഇന്ത്യയുടെ പൂർണ്ണമായ ആഭ്യന്തര വിഷയമാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
അമേരിക്ക ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും വിദേശ ധനസഹായത്തിന് വ്യക്തമായ നിയന്ത്രണങ്ങളുണ്ടെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ എഫ്.സി.ആർ.എ (FCRA) ഭേദഗതികൾ സഭകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സർക്കാരിന്റെ നിയന്ത്രണത്തിന് വഴിവെക്കുമെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും യു.എസ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റൈലി മൂർ (Riley Moore) വിമർശിച്ചിരുന്നു.
എന്നാൽ, വിദേശ ധനസഹായം കൈപ്പറ്റുന്ന സംഘടനകളുടെ റജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുമ്പോൾ ആസ്തികൾ മേൽനോട്ടം വഹിക്കാൻ ഒരു അതോറിറ്റിയെ ചുമതലപ്പെടുത്താനാണ് ഭേദഗതി ബില്ലിൽ ലക്ഷ്യമിടുന്നത്. ഇത്തരം ആസ്തികളിൽ ആരാധനാലയങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ മതപരമായ സ്വഭാവം മാറ്റമില്ലാതെ നിലനിർത്തണമെന്ന് പുതിയ ബില്ലിൽ എടുത്തുപറയുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
