അഫ്ഗാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ; കാബൂളിൽ എംബസി തുറക്കും

taliban

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യത്തെ എംബസിയായി ഉയർത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. താലിബാനും മുൻ അഫ്ഗാൻ സർക്കാരുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്ന് നാല് വർഷം മുമ്പ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തിയിരുന്നു.

ചെറിയ നഗരങ്ങളിലുള്ള കോൺസുലേറ്റുകളും ഇന്ത്യ അടച്ചുപൂട്ടിയിരുന്നു. അടുത്തിടെയാണ് ഇന്ത്യ കാബൂളിൽ നയതന്ത്ര സാന്നിധ്യം പുനരാരംഭിച്ചത്. കാബൂളിലേക്ക് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചയച്ചാൽ മതിയായ സുരക്ഷ നൽകുമെന്ന് താലിബാൻ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സാങ്കേതിക സംഘത്തെ വിന്യസിച്ചത്. 

ഇതാണ് ഇപ്പോൾ പൂർണ നയതന്ത്ര ബന്ധങ്ങളോടെയുള്ള എംബസിയായി പുനഃസ്ഥാപിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും പ്രകൃതി ദുരന്തങ്ങൾ അടക്കമുള്ള ബുദ്ധിമുട്ടുകൾ അഫ്ഗാൻ ജനത നേരിടുമ്പോൾ ഇന്ത്യ എപ്പോഴും സഹായിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു

ഇന്ത്യയും അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടതായി അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അറിയിച്ചു. ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്താൻ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ ഉറപ്പ് നൽകി.
 

Tags

Share this story