മോദിക്കെതിരായ പരാമർശം: മാലദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി, കടുത്ത നിലപാടിൽ ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഹൈക്കമ്മീഷണർ ഇബ്രാഹിം ഹബീബ് വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തെത്തി. നരേന്ദ്രമോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു

ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവെച്ച സമൂഹ മാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽന ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിമാരുടേത് വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ച ശേഷമാണ് മാലദ്വീപ് സർക്കാർ മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്തത്

മോദിയുടെ പോസ്റ്റ് മാലദ്വീപ് ടൂറിസത്തെ തകർക്കാനാണെന്ന് മന്ത്രിമാർ ആരോപിച്ചിരുന്നു. മോദി കോമാളിയാണെന്നും ഇസ്രായേലിന്റെ കൈയിലെ പാവയാണെന്നും മറിയം ഷിയുന ആരോപിച്ചിരുന്നു. ഇത് വിവാദമായതോടെ പരാമർശം പിൻവലിക്കുകയായിരുന്നു.
 

Share this story