ഭൂട്ടാനിലേക്ക് രണ്ട് റെയിൽ പാതകൾ നിർമിക്കാൻ ഇന്ത്യ; 4000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

ഭൂട്ടാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4000 കോടിയിലധികം രൂപ ചെലവിൽ റെയിൽപാതകൾ നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ. ഭൂട്ടാന് മേൽ സ്വാധീനം വർധിപ്പിക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന പ്രഖ്യാപനം. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനസമയത്ത് ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടിരുന്നു
അസമിലെ കോക്രജറിനെയും പശ്ചിമ ബംഗാളിലെ ബനാർഹട്ടിനെയും ഭൂട്ടാനിലെ ഗെലെഫു, സംത്സെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പദ്ധതികളുടെ വിശദാംശങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേർന്നാണ് പുറത്തുവിട്ടത്.
രണ്ട് പദ്ധതികളിലൂടെ 89 കിലോമീറ്റർ റെയിൽവേ ലൈനുകൾ സ്ഥാപിക്കുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇവർ പറഞ്ഞു. കോക്രജറിനും ഗെലെഫുവിനും ഇടയിലുള്ള 69 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ആദ്യ പാത. ഇരു നഗരങ്ങൾക്കുമിടയിൽ ആറ് സ്റ്റേഷനുകളുണ്ടാകും
3456 കോടി രൂപ ചെലവിൽ നാല് വർഷത്തിനുള്ളിൽ ഈ പാത പൂർത്തിയാക്കും. ബനാർഹട്ടിൽ നിന്ന് സാംത്സെയിലേക്കുള്ള രണ്ടാമത്തെ പാതയ്ക്ക് 20 കിലോമീറ്റർ നീളമുണ്ട്. രണ്ട് സ്‌റ്റേഷനുകളാണ് നഗരങ്ങൾക്കിടയിൽ ഉണ്ടാകുക. 577 കോടി രൂപ ചെലവിൽ മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.