നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ 7.4% വളർച്ച നേടുമെന്ന് കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്
അടുത്ത സാമ്പത്തിക വർഷവും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1ന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി ഇന്ന് പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ 2026-27ൽ ഇന്ത്യക്ക് 6.8 മുതൽ 7.2% വരെ ജിഡിപി വളർച്ച പ്രവചിക്കുന്നു
നടപ്പ് വർഷത്തെ പ്രതീക്ഷിത വളർച്ചാ നിരക്ക് 7.4% ആണ്. കഴിഞ്ഞ വർഷമിത് 6.5 ശതമാനമായിരുന്നു. അമേരിക്കയുമായി താരിഫ് യുദ്ധം തുടങ്ങിയതിന് ശേഷം യുഎസുമായി വ്യാപാര കരാറിൽ എത്താത്ത ഏറ്റവും വലിയ സമ്പദ് ശക്തികളിലൊന്നാണ് ഇന്ത്യ
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്ക് മേൽ ട്രംപ് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് ഇത് കനത്ത തിരിച്ചടിയായിരുന്നു. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 18 ശതമാനവും യുഎസിലേക്ക് ആയിരുന്നു. എന്നാൽ ജിഎസ്ടി പരിഷ്‌കാരം നടപ്പാക്കിയും ആദായ നികുതി ഇളവുകൾ അനുവദിച്ചും പണപ്പെരുപ്പം നിയന്ത്രിച്ചും ഇന്ത്യ ജിഡിപി വളർച്ചയെ പിടിച്ചു നിർത്തിയെന്ന് സാമ്പത്തിക സർവേ പറയുന്നു.
