ഗ്യാനേഷ് കുമാറിനെതിരെ നീക്കം ശക്തമാക്കാൻ ഇന്ത്യാ സഖ്യം; നിർണായക യോഗം 30ന്
ന്യൂഡൽഹി: കടുത്ത ആരോപണങ്ങൾ ഉയർന്ന പശ്ചാതലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നീക്കം ശക്തമാക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി. ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുടെ യോഗം സെപ്റ്റംബർ 30-ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേരും. ഇംപീച്ച്മെന്റ് നീക്കങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമായി രാഷ്ട്രീയ തന്ത്രങ്ങൾ രൂപീകരിക്കുകയാണ് യോഗത്തിന്റയെ നീക്കം.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വിമർശനം ഉന്നയിച്ചിട്ടുള്ളത്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (Special Intensive Revision – SIR) നടപടികളിലും മറ്റ് സുപ്രധാന തീരുമാനങ്ങളിലും ഇലക്ഷൻ കമ്മീഷനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി, സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി എന്നിവർ തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന് ശേഷമാണ് യോഗം ചേരാൻ തീരുമാനമായത്. പശ്ചിമ ബംഗാളിൽ രാഷ്ട്രീയമായി എതിർചേരിയിലുള്ള തൃണമൂൽ കോൺഗ്രസും സി പി ഐ എം ഉം ഇലക്ഷൻ കമ്മീഷൻ വിഷയത്തിൽ ദേശീയതലത്തിൽ ഒന്നിച്ച് നീങ്ങുന്നത് ശ്രദ്ധേയമാണ്.
സെപ്റ്റംബർ 30-ന് നടക്കുന്ന യോഗത്തിന് പ്രധാനമായും മൂന്ന് അജണ്ടകളാണുള്ളത്. ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേൽ പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഇതിനായി നേതാക്കളുടെ ഒപ്പ് ശേഖരിക്കലുമാണ് ആദ്യത്തേത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനൊപ്പം ഇലക്ഷൻ കമ്മീഷന്റെ തീരുമാനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്നത് രണ്ടാമത്തെ വിഷയമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് ഉണ്ടാക്കുക എന്നതാണ് മൂന്നാമത്തെ അജണ്ട.
യോഗത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ശിവസേന യു ബി ടി തലവൻ ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് സൂചന. സെപ്റ്റംബർ 29-ന് വിഷയം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് പ്രവർത്തക സമിതിയും യോഗം ചേരും.
ഇതിനിടെ സി പി ഐ എം, സി പി ഐ, സി പി ഐ എം എൽ ലിബറേഷൻ എന്നീ പാർട്ടി പ്രതിനിധികളും ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നും എസ് ഐ ആർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ അഞ്ച് ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസം, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
അതേസമയം പ്രതിപക്ഷ ആരോപണങ്ങൾ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി തള്ളി. തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബി ജെ പി ആരോപിച്ചു. എന്നാൽ, ഭരണഘടനാപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കമ്മീഷൻ തീരുമാനങ്ങൾ എടുത്തതെന്നും അഭിപ്രായവ്യത്യാസങ്ങൾ സ്ഥാപനപരമായ ചർച്ചകളുടെ ഭാഗമാണെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
