ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതാൻ ഇന്ത്യ; ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് 'വിക്രം-1' ഇന്ന് കുതിച്ചുയരും

വിക്രം 1

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു സുവർണ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ ക്ലാസ് റോക്കറ്റായ 'വിക്രം-1' വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് ടെക് സ്റ്റാർട്ടപ്പായ 'സ്കൈറൂട്ട് എയറോസ്പേസ്' ആണ് ഈ അത്യാധുനിക റോക്കറ്റ് വികസിപ്പിച്ചെടുത്തത്. 'മിഷൻ ആഗമൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് നടക്കുക.

​നാളിതുവരെ ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഉപഗ്രഹ വിക്ഷേപണങ്ങൾ പൂർണ്ണമായും ഐ.എസ്.ആർ.ഓ (ISRO) വികസിപ്പിച്ച റോക്കറ്റുകളിലായിരുന്നു നടന്നിരുന്നത്. എന്നാൽ വിക്രം-1 യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ പങ്കാളിത്തത്തിന്റെ വലിയൊരു വാതിലാണ് തുറക്കപ്പെടുന്നത്.

​പൂർണ്ണമായും ഘര ഇന്ധനം (Solid Fuel) ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള ഈ റോക്കറ്റിന് 24 മീറ്റർ ഉയരമുണ്ട്. താഴ്ന്ന ഭൂഭ്രമണപഥത്തിലേക്ക് (Lower Earth Orbit) 350 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ ശേഷിയുള്ളതാണ് വിക്രം-1. ജർമ്മനിയിൽ നിന്നുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടെ നാല് പ്രധാന പേലോഡുകളാണ് ഈ കന്നി പരീക്ഷണ പറക്കലിൽ റോക്കറ്റ് വഹിക്കുന്നത്. ഇതിനുപുറമെ, ഇന്ത്യൻ ശാസ്ത്രജ്ഞരായ സി.വി. രാമൻ, വിക്രം സാരാഭായ്, എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത മിനിയേച്ചർ രൂപങ്ങളും ഈ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.

​ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ആഗോള വാണിജ്യ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിൽ സ്കൈറൂട്ടിന്റെ ഈ 'വിക്രം-1' ദൗത്യം നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Tags

Share this story