കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ഇന്ത്യൻ കമാൻഡോകൾ പ്രവേശിച്ചു; ദൗത്യം തുടരുന്നു

അറബിക്കടലിൽ കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ഇന്ത്യൻ നാവിക സേനയുടെ കമാൻഡോകൾ പ്രവേശിച്ചു. ചരക്കുകപ്പൽ കൊള്ളക്കാരിൽ നിന്ന് സ്വതന്ത്രമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. വടക്കൻ അറബിക്കടലിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ലൈബീരിയൻ പതാക വഹിച്ചു കൊണ്ടുള്ള എംവി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ റാഞ്ചിയത്.

ചരക്കു കപ്പലിനു ചുറ്റും ഇന്ത്യൻ യുദ്ധകപ്പലും പട്രോളിങ് എയർക്രാഫ്റ്റും വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലോങ് റേഞ്ച് പ്രിഡേറ്റർ ഡ്രോണും ദൗത്യത്തിനായി ഉപയോഗിക്കുന്നുണ്ട്. നിലവിൽ നാവികസേനയുടെ മാർകോസ് കമാൻഡോകളാണ് ദൗത്യത്തിലുള്ളത്. കപ്പലിനുള്ളിൽ പ്രവേശിച്ച കമാൻഡോകൾ രണ്ടാമത്തെ ഡെക്കിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്. കപ്പലിൽ ഒരു ഡസനോളം ഇന്ത്യൻ പൗരന്മാർ ഉണ്ടെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച രാത്രിയോടെയാണ് ആയുധമേന്തിയ ആറ് അജ്ഞാതർ കപ്പലിനുള്ളിൽ പ്രവേശിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന് സന്ദേശം ലഭിച്ചത്.

ചെങ്കടലിൽ ചരക്കു കപ്പലുകൾക്കെതിരേ ഹൂതി ഭീകരർ ആക്രമണം ശക്തമാക്കിയതിനിടെയാണ് അറബിക്കടലിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Share this story